Skip to main content

നിയമനടപടി കർശനമാക്കും അമിതവില, കരിഞ്ചന്ത, പൂഴ്ത്തിവെപ്പിനെതിരെ ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന

ലോക്ക് ഡൗൺ കാലത്ത് നിത്യോപയാഗസാധനങ്ങൾക്കും പച്ചക്കറികൾക്കും അമിതവില ഈടാക്കുന്നത് തടയുന്നതിനും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഇല്ലാതാകുന്നതിനുമായി ജില്ലാ കളക്ടർ എസ് ഷാനവാസ് നേരിട്ട് വിപണിയിലെത്തി മിന്നൽ പരിശോധന നടത്തി. ഉദ്യോഗസ്ഥസന്നാഹങ്ങളോ, പോലീസുസോ ഇല്ലാതെ സാധാരണ വേഷത്തിൽ മാസ്‌ക്ക് ധരിച്ച എത്തിയ ജില്ലാ കളക്ടർ തൃശൂർ ജയ്ഹിന്ദ് മാർക്കറ്റിലെ അരികടക്കളിലും പലവ്യജ്ഞന കടകളിലുമെത്തി വിലനിലവാരമന്വേഷിച്ചു. വില എഴുതി പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ചു. അമിതവില ഈടാക്കിയാൽ കടകളുടെ ലൈസൻസ് റദ്ദാക്കുന്നതു മുതൽ സാധനങ്ങൾ കണ്ട് കെട്ടുന്നത് വരെയുളള നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് മുന്നറിയിപ്പ് നൽകി. തുടർന്ന് ഹൈറോഡ് വഴി കാൽനടയായി ശക്തൻപച്ചക്കറി മാർക്കറ്റിലെത്തിയ ജില്ലാ കളക്ടർ പച്ചക്കറികളുടെ വിലനിലവാരം ചോദിച്ചറിഞ്ഞു. മാർക്കറ്റിന്റെ പുറംലൈനിൽ കച്ചവടം നടത്തുന്ന കടകളിൽ ഒരേ പച്ചക്കറിക്ക് പല വിലയീടാക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജില്ലാ കളക്ടർ കടയുടമകൾക്ക് താക്കീത് നൽകി. വെളളുത്തുളളി കിലേയ്ക്ക് 100 രൂപ മുതൽ 200 രൂപ വരെയായിരുന്നു. അടുത്തടുത്ത കടകളിലെ വില മിക്ക കടകളിലും പച്ചക്കറികളുടെ വിലനിലവാരം എഴുതി പ്രദർശിപ്പിച്ചിരുന്നില്ല. ഏകീകൃത വില നിലവാരത്തിൽ കച്ചവടം നടത്തണമെന്നും ഇല്ലെങ്കിൽ കടപൂട്ടി സാധങ്ങൾ കണ്ടുകെട്ടുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. ക്ഷാമമില്ലെന്നും തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി ലോറികൾ കടത്തിവിടാൻ അനുവാദം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു. നിർലോഭം പച്ചക്കറികളുടെ മൊത്തവരവുണ്ടായിട്ടും വിൽപ്പനക്കാർ കൊളളവിലയീടാക്കുന്നത് അനുവദിക്കാനാവില്ല. കൃത്രിമക്ഷാമവും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കൊളളലാഭവും അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞു. മാർക്കറ്റുകളിൽ നിത്യവും രഹസ്യപരിശോധന നടത്തുമെന്നും അമിതവിലയീടാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ കൈകൊളളുമെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് വ്യക്തമാക്കി. പരിശോധനയുടെ അവസാനഘട്ടത്തിൽ ഡിഎംഒ ഡോ. കെ ജെ റീന, എസിപി വി കെ രാജു എന്നിവരും സംബന്ധിച്ചു.

date