Skip to main content

പെൻഷൻ വിതരണം തുടരുന്നു അശരണരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ പൊൻതിളക്കം

'എത്ര ദിവസമായി ഇങ്ങനെ വീട്ടിന് പുറത്തിറങ്ങാതെ കഴിയുന്നു. റേഷനരി വീട്ടിലുണ്ട്. പലവ്യജ്ഞനങ്ങളും മരുന്നും മറ്റ് പല ആവശ്യങ്ങളും മുടങ്ങി കിടക്കുകയായിരുന്നു. ഇപ്പോൾ ഈ പണം കിട്ടയത് ആശ്വാസമായി. സന്തോഷം എന്നല്ലാതെ എന്താ പറയാ' തൃശൂർ കാനാട്ട്കര തുരത്തുമ്മൽ വീട്ടിൽ അമ്മിണിയ്ക്ക് സന്തോഷം കൊണ്ട് വാക്കുകൾ മുറിഞ്ഞു. അമ്മിണിയുടെ മാത്രം കഥയില്ലത്, തൊട്ടപ്പുറത്തെ തങ്കമാളും, കൊച്ചമ്മണിയും,... എല്ലാം സന്തോഷത്തിലാണ്. നിനച്ചിരിക്കാതെ പ്രത്യേകിച്ച് കോവിഡ് 19 ലോക് ഡൗൺ കാലത്ത് ആശ്വാസമായി പെൻഷൻതുക ലഭിച്ചതിൽ. ലോകത്തെ കാർന്ന് തിന്നുന്ന കോവിഡ് 19 മഹാമാരിയുടെ പ്രതിരോധ നടപടികളും ലോക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാമൂഹ്യക്ഷേമ പെൻഷനുകളുടെ വിതരണം ജില്ലയിൽ സജീവമായി തുടരുകയാണ്. വിവിധ സഹകരണ ബാങ്കുകളിലെ കളക്ഷൻ ഏജന്റുമാർ വീടുകളിൽ നേരിട്ടെത്തിയാണ് പെൻഷൻ തുക വിതരണം ചെയ്യുന്നത്. രോഗബാധയുടെ പശ്ചാത്തലത്തിൽ മാസ്‌ക്കും സാനിറ്റൈസറുമുൾപ്പെടെയുളള സുരക്ഷാക്രമീകരണങ്ങളോടെയാണ് കളക്ഷൻ ഏജന്റുമാർ വീടികളിലെത്തിക്കുന്നത്. തുക നൽകേണ്ടവരുടെ കൈകൾ സാനിറ്റൈസ് ചെയ്ത ശേഷമാണ് തുക നൽകുകയും ഒപ്പീടിക്കുകയും രസീതി കെമാറുകയും ചെയ്യുന്നത്. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ വരുമാനമില്ലാതെ വീട്ടിലിരിക്കുന്നവർക്ക് ഏറെ ആശ്വാസമാവുകയാണ് പെൻഷൻ തുക വിതരണം. ആദ്യഘട്ടത്തിൽ ഒക്‌ടോബർ, നവംബർ മാസത്തെ പെൻഷൻ തുകയാണ് നൽകുന്നത്. ജില്ലയിൽ 981 ഏജന്റുമാർ വഴി 2200 ഗുണഭോക്തക്കൾക്കാണ് പെൻഷൻ വിതരണം. 52 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. കർഷകതൊഴിലാളി പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, അവിവാഹിതരായ അമ്മമാരുടെ പെൻഷൻ, വിധവ പെൻഷൻ എന്നീ ക്ഷേമപെൻഷനുകളാണ് വിതരണം ചെയ്ത് തുടങ്ങിയത്.

date