Skip to main content

സംസ്ഥാനത്ത് 20 പേർക്ക് കൂടി കോവിഡ്19

* 1,41,211 പേർ നിരീക്ഷണത്തിൽ
ഞായറാഴ്ച കേരളത്തിൽ 20 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്ന് എട്ടു പേർക്കും കാസർഗോഡ് ജില്ലയിൽ നിന്ന് ഏഴു പേർക്കും തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും ഓരോരുത്തർക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതിൽ 18 പേർ വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ ഐ.സി.യു.വിൽ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചു.
പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന നാലുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തിൽ 202 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
201 ലോക രാജ്യങ്ങളിൽ കോവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,40,618 പേർ വീടുകളിലും 593 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 6690 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
പി.എൻ.എക്സ്.1253/2020

date