Skip to main content

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ മുടങ്ങാതിരിക്കാൻ നടപടി- മുഖ്യമന്ത്രി

വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാന സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ കീഴിൽ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, സ്ത്രീകൾ- കുട്ടികൾ എന്നിവർക്കായി സർക്കാർ നേരിട്ടും സർക്കാർ അംഗീകാരത്തോടെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 33,000 അന്തേവാസികളുണ്ട്.
കൊറോണയുടെ ഭാഗമായി നിയന്ത്രണം വന്നപ്പോൾ ഇവിടങ്ങളിൽ ഇവർക്ക് അവശ്യസാധനങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ 124 സ്ഥാപനങ്ങളിൽ മരുന്നിന് ദൗർലഭ്യം അടിയന്തരമായി പരിഹരിക്കാൻ സാമൂഹ്യനീതി, വനിതാ -ശിശുവികസന വകുപ്പുകളെ ചുമതലപ്പെടുത്തി. ഈ വകുപ്പുകൾക്കു കീഴിലെ സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളിൽനിന്ന് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും മരുന്നും ലഭ്യമാക്കും. സിവിൽ സപ്ലൈസ്, കൺസ്യൂമർ ഫെഡ്, സപ്ലൈകോ, മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുതലായ സ്ഥാപനങ്ങളെ  പ്രയോജനപ്പെടുത്തും.
സംസ്ഥാനത്തേക്ക് സാധനങ്ങളുമായി വരുന്ന ലോറികളുടെ നീക്കം സജീവമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.  എന്നാൽ ശരാശരിയിൽ താഴെയാണ് അത്. അരിയുമായി ഇന്ന് 130 ട്രക്കുകളാണ് വന്നിട്ടുള്ളത്. ആകെ 1721 ട്രക്കുകൾ വന്നു. ഫെബ്രുവരി മാസത്തിൽ ശരാശരി 2560 ട്രക്കുകൾ വന്നിടത്താണ് ഇത്. പച്ചക്കറികളുമായി 331 ലോറികളെത്തിയിട്ടുണ്ട്.
സർവീസ് പെൻഷൻ വിതരണത്തിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഫലപ്രദമായിരുന്നു. വലിയ തിരക്കും പരാതിയുമില്ലാതെ ആദ്യദിവസം വിതരണം നിർവഹിക്കാനായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിന്റെ ഒന്നാം ഗഡു 1646.28 കോടി രൂപ അനുവദിച്ചു. ഈ തുകയിൽനിന്ന് കൊറോണ പ്രതിരോധ-പരിരക്ഷാ പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കാം.
പലയിടങ്ങളിലും  കുടിവെള്ളക്ഷാമം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അക്കാര്യത്തിൽ ജലവിഭവവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധ ചെലുത്തണം. ഗ്രാമപ്രദേശങ്ങളിലെ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുലഭ്യത ഉറപ്പാക്കണം.
1325 കമ്യൂണിറ്റി കിച്ചനുകളിൽനിന്ന് 2,88,069 പേർ ഭക്ഷണം നൽകി. ഇതിൽ 2,63,423 പേർക്ക് സൗജന്യമായാണ് നൽകിയത്. 28.36 ലക്ഷം ആളുകൾ രണ്ടുദിവസം കൊണ്ട് റേഷൻ വാങ്ങി. വ്യാഴാഴ്ച മാത്രം 13.61 ലക്ഷം പേരാണ് വാങ്ങിയത്. ബില്ലിങ്ങിന്റെ വേഗതക്കുറവ്, സുരക്ഷാ ക്രമീകരണമില്ലായ്മ, മണ്ണെണ്ണക്ഷാമം എന്നിങ്ങനെയുള്ള പരാതികൾ പരിഹരിക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് ശക്തമായി ഇടപെടും. വയനാട് ആദിവാസി മേഖലയിൽ റേഷൻ വാങ്ങാനെത്തുന്നവർ മുഴുവൻ സാധനങ്ങളും വാങ്ങിയതായി കൃത്രിമ രേഖയുണ്ടാക്കുന്നെന്ന ആക്ഷേപം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമാണത്തൊഴിലാളി ക്ഷേമനിധിയിൽനിന്ന് ആയിരം രൂപ വീതം തൊഴിലാളികൾക്ക് നൽകാൻ തീരുമാനിച്ചു. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ കശുവണ്ടി സംഭരണം നടത്തണമെന്ന് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. അവ നല്ലതുപോലെ ഉണക്കി സൂക്ഷിക്കാൻ സഹകരണ സംഘങ്ങൾ ശ്രദ്ധിക്കണം. കാപ്പക്സും കശുവണ്ടി വികസന കോർപ്പറേഷനും കശുവണ്ടി ഏറ്റെടുക്കും. കൃഷിക്കാർക്കുള്ള പെൻഷൻ തടസ്സമില്ലാതെ നൽകാൻ നിർദേശം നൽകി.
കോഴിത്തീറ്റയുടെ ക്ഷാമം പരിഹരിക്കാൻ 31 ലോഡ് തീറ്റ വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ രോഗികൾ കുറഞ്ഞതിനാൽ 11 നഴ്സുമാരെ പിരിച്ചുവിട്ടതായി പരാതി വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടും. പിരിച്ചുവിടൽ ഒരു കാരണവശാലും അനുവദിക്കില്ല. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് തീരദേശത്ത് സംഘർഷാവസ്ഥ രൂപപ്പെടാതെ നോക്കാൻ പൊലീസ് ജാഗ്രത കാണിക്കണം.
വീടുകൾ അണുമുക്തമാക്കാനെന്ന പേരിൽ ലോറിയിൽ വെള്ളവുമായി ചിലർ കറങ്ങുന്നത് ഒഴിവാക്കണം. അവശ്യസർവീസിൽ ഉൾപ്പെട്ട വനിതാ ജീവനക്കാരെ ജോലിസ്ഥലത്ത് കൊണ്ടുവിട്ടിട്ട് പോകുന്ന കുടുംബാംഗങ്ങളെ പൊലീസ് തടയുന്നെന്ന് പരാതിയുണ്ട്. പോലീസ് കാര്യങ്ങൾ മനസ്സിലാക്കി ഇടപെടുന്നതിൽ വീഴ്ചയുണ്ടാകരുത്.
വ്യാജവാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവർ കഴിക്കേണ്ട ഗുളിക എന്ന നിലയിൽ ഒരു ശബ്ദ സന്ദേശം ഡോക്ടറുടേത് എന്ന രീതിയിൽ പ്രചരിക്കുന്നു. കൊവിഡ് പ്രതിരോധം സംബന്ധിച്ച് വ്യാജ മൊബൈൽ ആപ്പുകൾ ഉണ്ടാകുന്നു. കാസർകോട് അതിർത്തി തുറന്നു എന്ന് ഒരു മാധ്യമം തന്നെ തെറ്റായ വാർത്ത നൽകി. അതിന്റെ പേരിൽ നിരവധി ആളുകൾ തെറ്റിദ്ധരിക്കപ്പെട്ട് അതിർത്തിയിലെത്തി. ഇത്തരം കാര്യങ്ങളിൽ മാധ്യമങ്ങൾ ജാഗ്രത പാലിക്കണം. സോഷ്യൽ മീഡിയയിലെ വ്യാജ വാർത്ത പ്രചാരണം തടയാൻ പൊലീസ് ഇടപെടൽ ശക്തിപ്പെടുത്തും.
കാസർകോട്ട് ചില മാധ്യമപ്രവർത്തകർക്ക് രോഗസാധ്യത പറയുന്നുണ്ട്. വളരെ ശ്രദ്ധിച്ചു മാത്രമേ മാധ്യമപ്രവർത്തകരും സാങ്കേതിക പ്രവർത്തകരും ഇടപെടാവൂ. വീട്ടിലിരിക്കുന്ന സ്‌കൂൾ കുട്ടികൾക്ക് പ്രത്യേകമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ കൈറ്റിന്റെയും എസ്സിആർടിയുടെയും നേതൃത്വത്തിൽ 'സമഗ്ര'- പോർട്ടലിൽ 'അവധിക്കാല സന്തോഷങ്ങൾ' എന്ന പേരിൽ ഓൺലൈൻ പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് വ്യാപകമായി പ്രയോജനപ്പെടുത്തണം.
കോഴിക്കോട് എൻഐടി പൂർവ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള കോഴ്സ് സൗജന്യമായി ചെയ്യാൻ തുടങ്ങി. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി റെസീപ്റ്റ് അയച്ചുകൊടുക്കുന്നവർക്കാണ് സൗജന്യമായി കോഴ്സിൽ ചേരാനാവുക. ഇത് നല്ല മുൻകൈയാണ്. കമ്യൂണിറ്റി കിച്ചനുകളിലായാലും റേഷൻ കടകളിലായാലും മറ്റ് എവിടെയായാലും അവശ്യംവേണ്ട ശാരീരിക അകലം പാലിച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.  
പി.എൻ.എക്സ്.1322/2020

date