Skip to main content

ഭക്ഷണം വീടുകളിലേക്ക്: പ്രാദേശിക തലത്തില്‍ കമ്മറ്റികള്‍ തഹസില്‍ദാര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ ഉറപ്പാക്കുന്നതിനായി പ്രദേശിക തലത്തില്‍ കമ്മറ്റികള്‍ക്ക് രൂപം നല്‍കി. ഒരാള്‍ പോലും ഒരു സാഹചര്യത്തിലും പട്ടിണിയാകുന്ന സ്ഥിതി ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ജനങ്ങള്‍ക്ക് താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാര്‍ക്കാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല.പഞ്ചായത്തടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജോഫീസര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍, പോലീസ് എന്നിവര്‍ അടങ്ങുന്ന കമ്മറ്റിയാകും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍, ജനമൈത്രി പോലീസ് എന്നിവരടങ്ങുന്ന കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. റേഷനുപുറമെ അടിയന്തിര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്. റേഷന്‍ കടകളിലൂടെ നല്‍കിയാല്‍ ജനങ്ങള്‍ കൂട്ടം കൂടുമെന്നതിനാലാണ് ബദല്‍ മാര്‍ഗ്ഗം. പ്രധാനമായും അതിഥി തൊഴിലാളികളെയും ഗോത്രമേഖലയിലെ ജനങ്ങളെയുമാണ് പദ്ധതിയില്‍ ഭാഗമാക്കുന്നത്. ഭക്ഷണ സാധനങ്ങളായോ പാകം ചെയ്തോ എത്തിക്കും. അതിഥിതൊഴിലാളികള്‍ക്ക് അവരുടെ ഭക്ഷണരീതിക്കനുസരിച്ചുള്ള വിഭവങ്ങളാകും ലഭ്യമാക്കുക. അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ ഒരു സ്ഥാപനത്തിലോ, കരാറുകാരുടെയോ കീഴില്‍ ജോലി ചെയ്യുന്നവരുടെ അടിസ്ഥാന കാര്യങ്ങള്‍ കമ്പനിയോ, കരാറുകാരോ തന്നെ ഉറപ്പ് വരുത്തേണ്ടതാണ്. ഒറ്റപ്പെട്ട തരത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കാവും പ്രഥമ പരിഗണന. ഭക്ഷണ വിതരണത്തിന് ഗ്രാമങ്ങളില്‍ കുടുംബശ്രീയും നഗരങ്ങളില്‍ പ്രത്യേക സംഘത്തെയും നിയമിക്കും. നഗരങ്ങളില്‍ സ്റ്റേ സേഫ് ഹോം ഡെലിവറി എന്ന പേരിലും ഗ്രാമങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹോം ശ്രീ ഹോം ഡെലിവറി എന്ന പേരിലുമാണ് പദ്ധതി.
സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു തലത്തിലുള്ള മുതലെടുപ്പും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത സംഘടനകള്‍ക്കും ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യണമെങ്കില്‍ അതത് വാര്‍ഡ് തല കമ്മറ്റികളെയോ പഞ്ചായത്ത് കമ്മറ്റികളെയോ എല്‍പ്പിക്കണമെന്നും സംഘടനകള്‍ നേരിട്ട് ഒരു തരത്തിലും വിതരണം അനുവദിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. ഭക്ഷണസാധനങ്ങള്‍ക്കൊപ്പം കുടുംബങ്ങളിലെ മറ്റു രോഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങളും ആവശ്യങ്ങളും വാര്‍ഡ്തല സംഘങ്ങള്‍ അന്വേഷിച്ച് പരിഹരിക്കേണ്ടതാണെന്നും സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പോകുമ്പോള്‍ ആള്‍ക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കലക്ടര്‍ പറഞ്ഞു.
ആദിവാസി മേഖലയിലെ കുടുംബങ്ങളുടെ വിവരങ്ങള്‍ പ്രമോട്ടര്‍മാര്‍ വഴി ശേഖരിക്കും.ഐടിഡിപ്പിക്കാണ് ചുമതല. ഈ മേഖലയിലെ കുടുംബങ്ങള്‍ക്കാവശ്യമായ കിറ്റുകള്‍ തയ്യാറായിട്ടുണ്ട്. ഒരോ മേഖലയിലും കിറ്റുകളുടെയോ ഭക്ഷണങ്ങളുടെയോ വിതരണത്തിന് സ്വകാര്യമേഖലയിലെ വാഹനങ്ങളെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. വിലകൂട്ടി സാധനങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കട അടപ്പിക്കുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ ഉണ്ടാകും. പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കും. അടുത്തടുത്തുള്ള പമ്പുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നതുള്‍പ്പടെയുള്ള ക്രമീകരണങ്ങളും ആലോചിക്കുന്നുണ്ട്.
യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എഡിഎം ഇ പി മേഴ്സി,  സബ് കലക്ടര്‍മാരായ ആസിഫ് കെ യുസഫ്, എസ് ഇലക്യ, അസിസ്റ്റന്റ് കലക്ടര്‍ ഹാരിസ് റഷീദ്,ഡിഎഫ്ഒ, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date