Skip to main content

ജില്ലയ്ക്ക് വിഷുക്കൈനീട്ടമായി വനിതാ പോലീസ് സ്റ്റേഷന്‍

 സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുക ലക്ഷ്യമാക്കി, സംസ്ഥാന സര്‍ക്കാര്‍ പുതുതായി അനുമതി നല്‍കിയ നാലു വനിതാ പോലീസ് സ്റ്റേഷനുകളില്‍ ഒരെണ്ണമാണ് പത്തനംതിട്ടയില്‍ വിഷുദിനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകള്‍ക്കൊപ്പം അനുമതി ലഭിച്ച പത്തനംതിട്ട ജില്ലയിലെ പുതിയ വനിതാ പോലീസ് സ്റ്റേഷന്‍ ജില്ലാ ആസ്ഥാനത്ത്, താഴെ വെട്ടിപ്പുറത്ത്,  ജില്ലാ കളക്ടറുടെ പഴയ ഔദ്യോഗിക വസതിയിലാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. 

കോവിഡ് -19 പശ്ചാത്തലത്തില്‍ നടന്ന ഹ്രസ്വമായ ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ സാന്നിധ്യത്തില്‍  ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ വനിതാ പോലീസ് സ്റ്റേഷന്റെ ചാര്‍ജ് ഏറ്റെടുത്ത ആദ്യ വനിത സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ലീലാമ്മയ്ക്ക് സ്റ്റേഷന്‍ കെട്ടിടത്തിന്റെ താക്കോല്‍ കൈമാറി. ജില്ലയില്‍ പോലീസ് വകുപ്പിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലാണ് പത്തനംതിട്ടയ്ക്ക് ലഭിച്ച വനിതാ പോലീസ് സ്റ്റേഷന്‍ എന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. 

 അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്. ശിവപ്രസാദ്, ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ്, ഡി സി ആര്‍ ബി ഡിവൈഎസ്പി എ. സന്തോഷ് കുമാര്‍, പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവ്, അസിസ്റ്റന്റ് കമാന്‍ഡന്‍ഡ് കെ. സുരേഷ്, പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ന്യൂമാന്‍, വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ ഉദയമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു. 

 

എംഎല്‍എയുടെ പരിശ്രമം

 

വീണാജോര്‍ജ് എംഎല്‍എയുടെ ശ്രമഫലമായാണ് പത്തനംതിട്ടയില്‍ വനിതാ പോലീസ് സ്റ്റേഷന്‍ അനുവദിച്ചത്. വനിതകളുടെയും കുട്ടികളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതു മുന്‍നിര്‍ത്തിയാണ് വനിതാ പോലീസ് സ്റ്റേഷന്‍ അനുവദിച്ചു കിട്ടുന്നതിനായി എംഎല്‍എ പരിശ്രമിച്ചത്. 

 

അംഗബലം

 

ഒരു പോലീസ് ഇന്‍സ്പെക്ടര്‍, മൂന്ന് സബ് ഇന്‍സ്പെക്ടര്‍മാര്‍, നാല് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, മൂന്ന് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ വനിതാ പോലീസ് സ്റ്റേഷനില്‍ നിയമിച്ചിരിക്കുന്നത്.

 

വാഹനങ്ങള്‍

 

പുതിയ സ്റ്റേഷനിലെ വിവിധ ഉപയോഗങ്ങള്‍ക്കായി പുതുതായി അനുവദിച്ച സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ക്കായുള്ള വാഹനത്തിന്റെ താക്കോല്‍ ജില്ലാ പോലീസ് മേധാവി പോലീസ് കെ.ജി സൈമണ്‍ ഇന്‍സ്പെക്ടര്‍ ലീലാമ്മയ്ക്കു കൈമാറി. കൂടാതെ വനിതാ ഹെല്‍പ്പ് ലൈനിന്റെ ഉപയോഗത്തിലുണ്ടായിരുന്ന ഒരു ജീപ്പും രണ്ട് ഇരുചക്രവാഹനങ്ങളും പുതിയ വനിതാ പോലീസ് സ്റ്റേഷന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്.

 

അധികാര പരിധി

 

പത്തനംതിട്ട ജില്ല മുഴുവന്‍ പുതിയ വനിതാ പോലീസ് സ്റ്റേഷന്റെ അധികാര പരിധിയായി ഗസറ്റ് വിജ്ഞാപനത്തില്‍ നിര്‍ണയിച്ചു നല്‍കിയിട്ടുണ്ട്.

 

എല്ലാ അടിസ്ഥാന സൗകര്യങ്ങളും

 

പോലീസ്റ്റേഷന് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള കെട്ടിടത്തില്‍ സിസിടിവിയും, കമ്പ്യൂട്ടറുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ തൊണ്ടിമുറി, വിശ്രമമുറി എന്നീ സൗകര്യങ്ങളും ഉണ്ട്.

 

പ്രത്യേകതകള്‍

 

പൂര്‍ണ സജ്ജമായ വനിതാ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണമായും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ നിയന്ത്രിക്കും. പരാതികളുടെ അന്വേഷണം, കേസുകള്‍ രജിസ്റ്റര്‍ ചെയ്യല്‍, കേസ് അന്വേഷണം, അറസ്റ്റ് തുടങ്ങിയ എല്ലാ നടപടിക്രമങ്ങളും അധികാരപ്പെടുത്തി നല്‍കിയിരിക്കുന്നു. പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാം, ഇമെയിലിലും അയയ്ക്കാം. മെയില്‍ ഐഡി showpspta.pol@kerala.gov.in. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ക്ക് മുന്തിയ പരിഗണന നല്‍കും. എത്രയും വേഗം നീതി ലഭ്യമാക്കാന്‍ തക്കവിധം പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പാക്കും. ഇത്തരത്തിലുള്ള എല്ലാത്തരം കൈയേറ്റങ്ങളും തടഞ്ഞ് സുരക്ഷ ഉറപ്പാക്കി വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍വോപരി പോലീസിനെ  നിര്‍ഭയമായി സമീപിക്കുന്നതിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശ്രയമായി മാറും. 

ബലാല്‍സംഗം, പോക്സോ ആക്ട് കേസുകള്‍ തുടങ്ങിയ ഗുരുതരമായ അതിക്രമങ്ങളും മറ്റു കുറ്റകൃത്യങ്ങളും വളരെ പെട്ടെന്ന് അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ഇരകള്‍ക്ക് അതിവേഗം നീതി ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുന്നതിനും പുതിയ സ്റ്റേഷന്റെ പ്രവര്‍ത്തനം ഉപകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പ്രത്യാശ പ്രകടിപ്പിച്ചു. ഭയാശങ്കകള്‍ ഇല്ലാതെ ഏതു സമയത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കടന്നുവന്ന് ആവലാതികള്‍ക്കും പരാതികള്‍ക്കും തീര്‍പ്പ് ഉണ്ടാക്കുന്നതിന് പുതിയ വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സമീപിക്കാവുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

ബന്ധപ്പെടാവുന്ന നമ്പറുകള്‍

 

പോലീസ് സ്റ്റേഷന്‍ - 04682272100

വനിതാ പോലീസ് ഇന്‍സ്പെക്ടര്‍ -   9497908530

വനിതാ ഹെല്‍പ്പ് ലൈനിനെ പുതിയ സ്റ്റേഷനിലേക്ക് ചേര്‍ത്തിട്ടുണ്ട്. അവിടുത്തെ ടോള്‍ഫ്രീ നമ്പര്‍ ആയ 1091 ലേക്കും, ടോള്‍ ഫ്രീ നമ്പറായ 112, ക്രൈം സ്റ്റോപ്പര്‍ നമ്പറായ 1090 എന്നിവയിലേക്കും പൊതുജനങ്ങള്‍ക്ക് വിളിച്ച് വനിതാ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സേവനം തേടാം.

date