Skip to main content

സൗജന്യ റേഷന്‍: ഫോണ്‍ കൈവശമില്ലെങ്കിലും സാങ്കേതിക തടസ്സമുണ്ടായാലും ഇ-പോസ് മെഷിനിലെ  മാനുവല്‍ മോഡിലൂടെ  റേഷന്‍ വിതരണം നടത്തണം

 

കേന്ദ്രസര്‍ക്കാരിന്റെ സൗജന്യറേഷന്‍ കൈപ്പറ്റാനെത്തുന്ന റേഷന്‍ കാര്‍ഡുടമകള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ മറക്കുകയോ ഒ.ടി.പി. പരാജയപ്പെടുകയോ മൊബൈല്‍ ഫോണിന് മറ്റെന്തെങ്കിലും സാങ്കേതിക തടസ്സം നേരിടുന്ന സാഹചര്യത്തില്‍ ഗുണഭോക്താക്കള്‍ക്കുള്ള റേഷന്‍ വിതരണം മുടക്കരുതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ ഇ-പോസ് മെഷിനിലെ  മാനുവല്‍ മോഡിലൂടെ റേഷന്‍ വിതരണം നടത്തണം. എല്ലാ റേഷന്‍ ഉപഭോക്താക്കള്‍ക്കും  ബുദ്ധിമുട്ടില്ലാതെ റേഷന്‍ വിഹിതം ലഭ്യമാക്കുന്നതിന് റേഷന്‍ കടയുടമകള്‍  ജാഗ്രത പാലിക്കണമെന്നും  ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണത്തിന് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ കാര്‍ഡ് ഉടമ കൊണ്ടുവരണമെന്നാണ് നിര്‍ദേശം. മൊബൈല്‍ ഫോണില്‍ ഒറ്റത്തവണ പാസ് വേഡ് ലഭിക്കുന്ന മുറയ്ക്കാണ് റേഷന്‍ വിതരണം നടത്തുക. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ കാര്‍ഡുടമകള്‍ക്ക് ഒ.ടി.പി ലഭിക്കുന്നതിന് സാങ്കേതിക തടസ്സം നേരിടുന്ന സാഹചര്യത്തിലാണ് മാനുവല്‍ മോഡിലൂടെയും  റേഷന്‍ വിതരണം  നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 

റേഷന്‍ വിഹിതം വില്‍പ്പന നടത്തിയാല്‍ കര്‍ശന നടപടി

 

എ.എ.വൈ /മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ അവര്‍ക്കനുവദിച്ച റേഷന്‍ സാധനങ്ങള്‍ വാങ്ങി വില്‍പ്പന നടത്തരുതെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു. വില്‍പ്പന നടത്തുന്ന പക്ഷം ഭക്ഷ്യഭദ്രതാ  നിയമം നടപ്പാക്കിയതു മുതല്‍ വാങ്ങിയ റേഷന്‍ സാധനങ്ങളുടെ വില ഈടാക്കുകയും അത്തരം റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ജില്ലയില്‍ എ.എ.വൈ /മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ അവര്‍ക്കനുവദിച്ച റേഷന്‍ വിഹിതം വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

റേഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

 

റേഷന്‍ നേരിട്ട് വാങ്ങുന്നതിന് ബുദ്ധിമുട്ടുള്ള കുടംബങ്ങള്‍ക്ക് മാത്രം റേഷന്‍ വിഹിതം വീടുകളിലെത്തിക്കുന്നതിന് സര്‍ക്കാരോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ചുമതലപ്പെടുത്തിയിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടെയോ സര്‍ക്കാര്‍ വകുപ്പുകളുടെയോ സഹായം തേടാമെന്ന്  ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്മാര്‍, ഗാര്‍ഹിക നിരീക്ഷണത്തിലുള്ളവരുടെ കുടുംബങ്ങള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, കിടപ്പിലായവര്‍ തുടങ്ങിയവര്‍ക്കാണ് ഈ സേവനം ഉറപ്പാക്കേണ്ടത്. ഇവരല്ലാതെ മറ്റുള്ള എല്ലാ റേഷന്‍ കാര്‍ഡുടമകളും റേഷന്‍ കടകളില്‍ നിന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് റേഷന്‍ വിഹിതം കൈപ്പറ്റണം.

ഇത്തരത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ റേഷന്‍ വിതരണം നടത്തുന്ന റേഷന്‍ കടയുടമകള്‍ക്കെതിരെ കര്‍ശന നപടി സ്വീകരിക്കുമെന്നും ജില്ലാസപ്ലെ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡുകള്‍ വാങ്ങി ഭക്ഷ്യധാന്യങ്ങള്‍ കുടുംബങ്ങള്‍ക്ക് എത്തിച്ച് നല്‍കുന്ന രീതിയിലുള്ള സംഘടിത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
 

date