വൃക്ക രോഗികള്‍ക്ക് ജില്ലാ പഞ്ചായത്തിന്‍റെ സഹായഹസ്തം
ഡയാലിസിസ് കിറ്റുകളുടെ വിതരണം തുടങ്ങി;
പദ്ധതി തുക 40 ലക്ഷമായി ഉയര്‍ത്തി
ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ അര്‍ഹരായ എല്ലാ വൃക്കരോഗികള്‍ക്കും സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്‍റെ പദ്ധതിയില്‍ കിറ്റുകളുടെ വിതരണം ആരംഭിച്ചു. ഒന്നാം ഘട്ടത്തില്‍ 15 ലക്ഷം രൂപ അനുവദിച്ചിരുന്ന പദ്ധതിക്ക് ആകെ 40 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.
കോട്ടയം ജനറല്‍ ആശുപത്രിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കിംസ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഷാജി കെ.തോമസ് ആദ്യ കിറ്റ് ഏറ്റുവാങ്ങി. തോമസ് ചാഴികാടന്‍ എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു.
പതിനെട്ട് ആശുപത്രികള്‍ ഉള്‍പ്പെടെ 21 കേന്ദ്രങ്ങളിലെ 636 പേര്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ കിറ്റുകള്‍ ലഭ്യമാക്കും. ഇന്‍ഷുറന്‍സ് ഇല്ലാതെ സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസ് വിധേയരാകുന്ന കോട്ടയം ജില്ലയിലെ സ്ഥിരതാമസക്കാരെയാണ് പദ്ധതിയില്‍ പരിഗണിക്കുന്നത്. ഒരു രോഗിയ്ക്ക് ഒരു കിറ്റാണ് നല്‍കുക. ഒരു ഡയാലിസിസിന് കിറ്റിനു പുറമെ 950 രൂപ വീതം ആശുപത്രികള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. ശോഭ സലിമോന്‍, സ്ഥിരം സമിതി അധ്യക്ഷരായ സഖറിയാസ് കുതിരവേലില്‍, ലിസമ്മ ബേബി, അംഗങ്ങളായ സണ്ണി പാമ്പാടി, ജെസിമോള്‍ മനോജ്, ബെറ്റി റോയ്, അഡ്വ. കെ.കെ. രഞ്ജിത്ത്, ജയേഷ് മോഹന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി, ആര്‍.എം.ഒ ഡോ. ഭാഗ്യശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments