Skip to main content

പട്ടയ വിതരണം: സർവ്വേ ഇന്ന് (ഏപ്രിൽ 23) മുതൽ പുനരാരംഭിക്കും

ജില്ലയിലെ മുടങ്ങി കിടന്നിരുന്ന പട്ടയവിതരണം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് മുതൽ പുനരാരംഭിക്കും. രണ്ട് തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഇതോടനുബന്ധിച്ച് നടപ്പിലാക്കുക. ആദ്യമായി നിലവിൽ സർക്കാരിന്റെ ഉത്തരവ് പ്രകാരം ജോയിന്റ് വെരിഫിക്കേഷൻ റിപ്പോർട്ടിങ് നടന്നിട്ടും റിപ്പോർട്ട് കയ്യിൽ ലഭിക്കാത്ത കേസുകളിൽ സർവ്വേ നടത്തി പട്ടയങ്ങൾ വിതരണം ചെയ്യും. രണ്ടാമതായി ജെ വി ആർ നടത്തി കേന്ദ്രത്തിലേക്ക് അനുമതിക്ക് അയച്ചിട്ടും ഓൺലൈനിൽ അപേക്ഷ നൽകാത്തതിനാൽ നിരസിക്കപ്പെട്ട കേസുകളിൽ ജി പി എസ് സർവ്വേ നടത്തി വീണ്ടും അപേക്ഷ നൽകുകയും ചെയ്യും.
ഗവൺമെന്റ് ചീഫ് വിപ് അഡ്വ കെ രാജന്റെ അധ്യക്ഷതയിൽ വനഭൂമി പട്ടയം സർവ്വേ ജോലികൾക്കായി സർവ്വേയർമാരെ നിയമിക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജില്ലയിൽ ലോക് ഡൌൺ നിലനിൽക്കെ ലഭിച്ച ഇളവുകളുടെ അടിസ്ഥാനത്തിൽ അടിയന്തരമായി ചെയ്യേണ്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗ ത്തിലാണ് മലയോര പട്ടയങ്ങൾ ഉടൻതന്നെ കൊടുത്തു തീർക്കാൻ തീരുമാനമായത്. 60% ത്തിൽ അധികം സർവ്വേ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു വന്ന സമയത്ത് ലോക് ഡൌൺ പ്രഖ്യാപിച്ചതോടെ മുടങ്ങി പോയ പ്രവർത്തനങ്ങളാണ് അടിയന്തരമായി തീർക്കുന്നത്.
പട്ടയവുമായി ബന്ധപ്പെട്ട സർവേയും, സ്‌കെച്ച് എടുക്കലും അനുബന്ധ പ്രവർത്തനങ്ങളും ഉടൻ പൂർത്തീകരിക്കും. ഇതിനുവേണ്ടി ഒൻപത് പ്രത്യേക ടീമുകളെ തയ്യാറാക്കിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സർവ്വേ ജോലികൾക്കായി വരുന്ന എല്ലാ ഉദ്യോഗസ്ഥർക്കും എത്തിച്ചേരാനായി ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം പ്രത്യേക കെ എസ് ആർ ടി സി ബസുകൾ ഓടും. ഓരോ മേഖലയിലേക്കും പ്രത്യേക വാഹനങ്ങൾ തയ്യാറാക്കി ലോക് ഡൌൺ കാലഘട്ടത്തിൽ തന്നെ സർവ്വേ പ്രവർത്തനങ്ങൾ പൂ ർത്തീകരിക്കും.
ജിപിഎസ് സർവേ നടത്തി ഓൺലൈനിൽ രേഖപ്പെടുത്തി പട്ടയവിതരണത്തിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കും. സർവ്വേക്കായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ ജി പി എസ് മെഷീനുകളും എല്ലാവിധ സൗകര്യങ്ങളും ഒരുക്കും. അവർക്ക് ആവശ്യമുള്ള ഭക്ഷണം, ടോയ്ലറ്റ് സംവിധാനം വാഹനങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി ഒരുക്കും. 9 ടീമുകളിലായി 3 മുതൽ 5 വരെ അംഗങ്ങളെയാണ് ഇപ്പോൾ ഇതിനായി നിയമിച്ചിരിക്കുന്നത്.
പീച്ചി ഭാഗത്ത് ഒൻപത് പേരും, മാന്നാമംഗലം കൈനൂർ മേഖലകളിൽ ആറു പേരും, കിള്ളന്നൂർ മേഖലയിൽ നാലുപേരും, മണലിത്തറ മേഖലയിൽ മൂന്നുപേരും ഉൾപ്പെടെ 22 പേരെയാണ് സർവ്വേ പ്രവർത്തനങ്ങൾക്കായി നിയമിച്ചിരിക്കുന്നത്.
27 കൊല്ലമായി വളരെ സാവധാനത്തിൽ വന്നിരുന്ന പട്ടയവിതരണം ഈ വർഷം കൊണ്ട് ഏറ്റവും കൂടുതൽ നൽകി ഒരു ചരിത്ര സംഭവമാക്കി മാറ്റാനാണ് തീരുമാനം എന്നും ചീഫ് വിപ് പറഞ്ഞു.
യോഗത്തിൽ ജില്ലാ കലക്ടർ എസ് ഷാനവാസ്, എ ഡി എം റെജി പി ജോസഫ്, 28 ഓളം സർവേയർമാർ, എക്‌സ് സർവെയർമാർ ജില്ലാ സർവേ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

date