Skip to main content

മലയോരമേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി

 മലയോര പ്രദേശങ്ങളായ വെസ്റ്റ് എളേരി, കുറ്റിക്കോല്‍, പാണത്തൂര്‍, നര്‍ക്കിലക്കാട്, ബേഡഡുക്ക ഇനി പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തചന്റ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് വിഭാഗം  ജീവനക്കാരും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും  സംയുക്തമായി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ഈ പ്രദേശങ്ങളില്‍ നടത്തി. 

ചിരട്ട, മുട്ടത്തോട്, ടയര്‍, വീടിനു പരിസരത്തും വലിച്ചെറിയുന്ന  പ്ലാസ്റ്റിക് പാത്രങ്ങള്‍, കവുങ്ങിന്‍ തോട്ടങ്ങലെ  പാളകള്‍, വീടുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ടാര്‍പോളിന്‍ ഷീറ്റുകള്‍, കവുങ്ങിന്‍ തോട്ടങ്ങളിലെ സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് നടപ്പിലാക്കുന്ന ജലസേചനം, റബ്ബര്‍ ചിരട്ടകള്‍, കൊക്കോ ചെടികളുടെ കായ ഇലകള്‍ എന്നിവയാണ് പ്രധാനമായും മലയോരമേഖലകളില്‍ ഇത്തവണത്തെ പ്രധാന ഉറവിടങ്ങള്‍ ആയി കണ്ടെത്തിയിട്ടുള്ളത്. ആയതിനാല്‍ തോട്ടം ഉടമകള്‍  മറ്റ് ബന്ധപ്പെട്ടവര്‍ ഉറവിട നശീകരണത്തിനു കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

 

 വേനല്‍ മഴ ലഭിച്ച സ്ഥലങ്ങളില്‍ ധാരാളം ഉറവിടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ജനങ്ങളുടെയും പൂര്‍ണ്ണമായ സഹകരണത്തോടെ സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉറപ്പുവരുത്തി  ഉറവിടങ്ങള്‍ നശിപ്പിക്കണം. കൂടാതെ വേനല്‍ക്കാലത്ത് ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ശേഖരിച്ചു വയ്ക്കുന്ന വെള്ളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണ്ണമായും ഒഴുക്കി കളഞ്ഞു പാത്രം ശുചിയാക്കി വെള്ളം ശേഖരിക്കണം. 

ഈഡിസ് കൊതുകു കടിയില്‍ നിന്നും രക്ഷനേടുന്നതിനായി ലേപനങ്ങള്‍ പുരട്ടി തോട്ടങ്ങളിലും മറ്റും ജോലിക്ക് പോകുന്നതും  ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ഉപയോഗിക്കുന്നതും സ്വയം രക്ഷയ്ക്ക് നല്ലതാണ്. ലോക്ക് ഡൌണ്‍ കാലയളവില്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ ചെയ്യാവുന്ന പരമാവധി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ വ്യാപൃതരാകേണ്ടതാണ്.

 

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നര്‍ക്കിലക്കാട് കുറ്റിക്കോല്‍ പനത്തടി ചിറ്റാരിക്കല്‍ എന്നീ സ്ഥലങ്ങളില്‍ ഫോഗിങ്  നടത്തിയിട്ടുണ്ട്. ഗൃഹ സന്ദര്‍ശനവും വീടുകള്‍ തോറും കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.                                                        വേനല്‍ മഴ പല സ്ഥലങ്ങളില്‍  പെയ്യുന്നതിനാല്‍ ഡെങ്കുപ്പനിവിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ ശുചികരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്നും ജലക്ഷാമമുള്ളതിനാല്‍ വയറിളക്ക രോഗങ്ങള്‍ക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date