Skip to main content

കോവിഡ് കെയര്‍ സെന്ററുകളാകാന്‍ ആദ്യഘട്ടത്തില്‍ 180 ഹൗസ്ബോട്ടുകള്‍ എറ്റെടുത്തു

ആലപ്പുഴ : ജില്ലയിലെ സ്വകാര്യ ഹൗസ്‌ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്റര്‍ ആക്കുന്നതിനായുള്ള ജില്ലാ ഭരണകുടത്തിന്റെ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി 180 സ്വകാര്യ ഹൗസ്ബോട്ടുകള്‍ എറ്റെടുത്തു ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ നിരീക്ഷിക്കുന്നതിനായാണ് ഹൗസ്ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്ററാക്കി മാറ്റാന്‍ ആലോചിക്കുന്നത്. ഈ 180 ബോട്ടുകളിലായി 495 റൂമുകളുണ്ട്. 

ഹൗസ് ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റേണ്ടി വന്നാല്‍ വിവിധ വകുപ്പുകള്‍ക്കുള്ള ചുമതലകളും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മറ്റു നടപടികള്‍ക്കുമായി ആവശ്യമായ ജീവനക്കാരെ നിയമിക്കാനും രോഗികളെ ആശുപത്രിയിലെത്തിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ആംബുലന്‍സ് സൗകര്യം സജ്ജീകരിക്കുവാനും കെയര്‍ സെന്റര്‍ സാനിറ്റേഷന്‍ ഉറപ്പു വരുത്തുവാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ്   (ആരോഗ്യം ) ചുമതല.

കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചാല്‍ ഹൗസ് ബോട്ട്, കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളില്‍ 24 മണിക്കൂറും ആവശ്യമായ വൈദ്യുതി വിതരണം ഉറപ്പുവരുത്തുവാന്‍ വൈദ്യുതി വകുപ്പിനും, ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും  സജ്ജീകരിക്കുവാനും ഫയര്‍ഫോഴ്‌സ് ജില്ല ഓഫീസര്‍ക്കും, നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കു കുടിവെള്ളം വിതരണം നടത്തുന്നതിനും ഹൗസ് ബോട്ടുകളുടെ ഓവര്‍ ഹെഡ് ടാങ്കുകള്‍ ആവശ്യമായ ജലം ഉറപ്പുവരുത്തുന്നതിനും വാട്ടര്‍ അതോറിറ്റിക്കും നിര്‍ദേശം നല്കി.
 ഹൗസ്‌ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ ആവശ്യമായ സമയങ്ങളില്‍ അറ്റകുറ്റപണികള്‍, പ്ലംബിംഗ് മറ്റനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിര്‍വഹിക്കാനുള്ള ചുമതല പിഡബ്ലുഡി കെട്ടിട വിഭാഗത്തിനാണ്.
കോവിഡ് കെയര്‍ സെന്ററുകളായി ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ പ്രവേശിപ്പിക്കുന്ന ആളുകള്‍ക്കും ചുമതലയുള്ള ജീവനക്കാര്‍ക്കും ഉള്‍പ്പെടെയുള്ള ഭക്ഷണം, ഹൗസ് ബോട്ട് മാലിന്യ സംസ്‌കരണ പ്രവര്‍ത്തങ്ങള്‍ എന്നിവ ഏകോപിപ്പിക്കുന്നതിനായി മുനിസിപ്പല്‍ സെക്രട്ടറി, ഡി ടി പി സി സെക്രട്ടറി എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  
 ഹൗസ് ബോട്ടുകളിലെ മാലിന്യസംസ്‌കരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനും മുനിസിപ്പാലിറ്റിക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഉറപ്പു വരുത്തുവാനും ശുചിത്യ മിഷന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്കാണ് ചുമതല.

കോവിഡ് കെയര്‍ സെന്റര്‍ ഹൗസ് ബോട്ടുകളില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് മുതല്‍ ആവശ്യമായ പോലീസ് സംരക്ഷണം ഉറപ്പുവരുത്താനുള്ള സ്ഥിര സംവിധാനം ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിക്ക്  നിര്‍ദ്ദേശം നല്‍കി.

 ആവശ്യപ്പെടുന്ന സമയത്ത് ജല ഗതാഗത വകുപ്പിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ സേവനവും വാട്ടര്‍ ആംബുലന്‍സ് സേവനവും വിട്ടു നല്‍കുവാന്‍ കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ക്കും, കോവിഡ് കെയര്‍ സെന്റര്‍ ഹൗസ് ബോട്ടുകളില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് മുതല്‍ സെപ്‌റ്റേജ് മാലിന്യ നീക്കം നിര്‍വഹിക്കുവാന്‍ ആലപ്പുഴ മലീനീകരണ നിയന്ത്രണ ബോര്‍ഡ്  എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ക്കും നിര്‍ദേശം നല്കി.

ഹൗസ്ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുന്നതിനുള്ള സാഹചര്യമുണ്ടായാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ ഭരണകൂടത്തെ വിവരമറിയിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടാലുടന്‍ ഈ 180
ഹൗസ്ബോട്ടുകളുടെ ഉടമസ്ഥര്‍ ഹൗസ്‌ബോട്ടുകളും അനുബന്ധസൗകര്യങ്ങളും ജില്ലാ ഭരണകൂടത്തിന് കൈമാറണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

date