Skip to main content

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി.  തഹസില്‍ദാര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ചുവടെ-

 

ആരാധനാലയങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ബീവറേജ് ഔട്ട്ലെറ്റുകള്‍, പൊതുസ്ഥലങ്ങള്‍, കളിസ്ഥലങ്ങള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടരുത്. ഇത് നിരീക്ഷിക്കാനും തടയാനുമായി  ഡെപ്യൂട്ടി തഹസില്‍ദാര്‍,  രണ്ട് ക്ലര്‍ക്കുമാര്‍  എന്നിവര്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡുകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കുന്നതിന് സജ്ജമാക്കാന്‍ നിര്‍ദ്ദേശമുണ്ട്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിശദാംശങ്ങള്‍ ആരോഗ്യകേന്ദ്രങ്ങള്‍/ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരില്‍ നിന്നും  വില്ലേജ് ഓഫീസര്‍മാര്‍ ശേഖരിക്കുകയും ഇവര്‍ പുറത്തിറങ്ങി നടക്കുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്യണം. വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ഇവരുടെ ഭക്ഷണം, മറ്റാവശ്യങ്ങള്‍ എന്നിവയ്ക്ക് ബുദ്ധിമുട്ടനുഭവപ്പെടാതെ ശ്രദ്ധിക്കുകയും വേണം.

താലൂക്ക് തലത്തില്‍ രണ്ട് ജീവനക്കാരെ ചുമതലപ്പെടുത്തിക്കൊണ്ട് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കണം.

അടിയന്തര ഘട്ടത്തില്‍ രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിന് ആവശ്യമായ ആംബുലന്‍സ്, ബസ്സുകള്‍, ലഭ്യമാക്കാവുന്ന വാഹനങ്ങള്‍ എന്നിവയുടെ ലിസ്റ്റ്, ഫോണ്‍ നമ്പര്‍ എന്നിവ തയ്യാറാക്കണം. കൂടാതെ രോഗികളുടെ വീടുകളില്‍ ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, മറ്റാവശ്യങ്ങള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടാവാതിരിക്കാന്‍ നടപടി എടുക്കണം.

ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലീസിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കുകയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  

date