Skip to main content

കോവിഡ് 19: ജില്ലയില്‍ 20219 പേര്‍ നിരീക്ഷണത്തില്‍

 

പാലക്കാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുകയാണ്.

നിലവില്‍ 20171 പേര്‍ വീടുകളിലും 3 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 42 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേര്‍  മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലുമായി മൊത്തം 20219 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമായി പാലക്കാട് ജില്ലയിലേക്ക് എത്തിയവരെയും നിരീക്ഷണത്തിനു വിധേയമാക്കി വരുന്നുണ്ട്.

ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള മറ്റാരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.

പരിശോധനയ്ക്കായി അയച്ച 424 സാമ്പിളുകളില്‍ ഫലം വന്ന 362 എണ്ണവും നെഗറ്റീവും 5 എണ്ണം പോസിറ്റീവുമാണ്.

ഇതുവരെ 24967 പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 4748 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

2127 ഫോണ്‍ കോളുകളാണ് കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഓ.പി യിലോ കാഷ്വാല്‍റ്റിയിലോ പോകരുത്. അവര്‍ ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡിലേക്ക് മാത്രം എത്തേണ്ടതാണ്. സംസ്ഥാനമൊട്ടാകെ അടച്ചിടല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍  പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാന്‍ ശ്രമിക്കേണ്ടതാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. പുറത്തേക്കിറങ്ങുകയാണെങ്കില്‍ മറ്റുള്ളവരുമായി ഒരു മീറ്റര്‍ അകലം പാലിക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി ഒരു വിധത്തിലും ഇടപെടാതിരിക്കുക. സമ്പര്‍ക്ക വിലക്കുള്ള വ്യക്തികള്‍ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താല്‍ അറസ്റ്റ് ചെയ്യുന്നതാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമായ കാര്യമായതിനാല്‍ വാര്‍ത്തകളും വിവരങ്ങളും അന്വേഷിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം ഷെയര്‍ ചെയ്യുക.

ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1) മെഡിക്കല്‍ ഷോപ്പിലും മറ്റിടങ്ങളിലും പോകുമ്പോള്‍ ഡെസ്‌കിലും മറ്റും കൈയും മുഖവും വെക്കരുത്.
2) ഒരു മീറ്റര്‍ അകലം പാലിച്ച് നില്‍ക്കണം.
3) സാധനങ്ങള്‍ വാങ്ങുന്ന സഞ്ചി നിലത്ത് വയ്ക്കരുത്.
4) പുറത്തുപോയി വരുന്നവര്‍ വീട്ടിലെത്തിയാല്‍ കൈകാലുകള്‍, പാദരക്ഷകള്‍ എന്നിവ സോപ്പിട്ട് കഴുകണം.
5) പരമാവധി ഫോണ്‍ ചെയ്യുന്നത് ഒഴിവാക്കണം. പോക്കറ്റ്, ബാഗ് എന്നിവിടങ്ങളില്‍ ഫോണ്‍ സൂക്ഷിക്കുക.
6) ഫോണ്‍ കയ്യില്‍ പിടിക്കുകയോ ഡെസ്‌കില്‍ വയ്ക്കുകയോ അരുത്.
7) ഫോണ്‍ ഡെസ്‌കില്‍ വെച്ച് ശേഷം ചെവിയോടു ചേര്‍ത്തു വയ്ക്കരുത്. പുറത്തുപോകുമ്പോള്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിക്കുക.

സമ്പര്‍ക്ക വിലക്കില്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1)പൂര്‍ണ്ണ ആരോഗ്യവാനായ വ്യക്തിയാണ് സമ്പര്‍ക്ക വിലക്കില്‍ ഉള്ളവരെ പരിചരിക്കേണ്ടത്.
2)പരിചരണ സമയത്ത് മൂന്ന് ലെയര്‍ ഉള്ള മാസ്‌ക് ധരിക്കണം.
3)പരിചരണത്തിന് ശേഷം  കൈകള്‍ വൃത്തിയായി കഴുകുകയും മാസ്‌ക് യഥാവിധി സംസ്‌കരിക്കുകയും ചെയ്യണം.
4)പരിചരിക്കുന്നയാള്‍ അല്ലാതെ  മറ്റാരും മുറിയില്‍ പ്രവേശിക്കരുത്.
5)പരിചരിക്കുന്ന ആള്‍ വീട്ടിലെ മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുത്.
6)സമ്പര്‍ക്ക വിലക്കുള്ള വ്യക്തിയുടെ വീട്ടില്‍ ചെറിയ കുട്ടികള്‍ വൃദ്ധര്‍ ഗുരുതര രോഗബാധിതര്‍ ഗര്‍ഭിണികള്‍ എന്നിവര്‍ ഉണ്ടെങ്കില്‍ മാറി താമസിക്കണം.
7)കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1) ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക.
2) കഴുക്കാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, മുഖം എന്നിവ തൊടരുത്.
3) ആലിംഗനവും ഷേക്ക് ഹാന്‍ഡും ഒഴിവാക്കുക.
4) ഇടയ്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.
5) മത്സ്യ മാംസാദികള്‍ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.
6) പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക.
7) രോഗലക്ഷണങ്ങളായ ചുമ, തൊണ്ടവേദന, ജലദോഷം, തുമ്മല്‍ എന്നിവ ഉള്ളവര്‍ മാസ്‌ക് ധരിക്കുക.
8) രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവരും രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയമുള്ളവരും പൊതുജന സമ്പര്‍ക്കം ഒഴിവാക്കുക.
9) പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം ചികിത്സക്ക് നില്‍ക്കാതെ ഉടനെ ഡോക്ടറെ കാണുക.

24*7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189.

date