Skip to main content
തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള കിറ്റ് തയ്യാറാക്കുന്നു.

തൊടുപുഴ താലൂക്കില്‍ 50000 കിറ്റുകള്‍ കൂടി ഇതുവരെ വിതരണത്തിനെത്തിച്ചത് 34500

തൊടുപുഴ ഇടവെട്ടി സപ്ലൈകോ ഡിപ്പോയുടെ കീഴില്‍ അതിജീവന കിറ്റ് തയ്യാറാക്കുന്ന ജോലികള്‍ ദ്രുതഗതിയില്‍. തൊടുപുഴ താലൂക്കിലെ 14 പഞ്ചായത്ത്, ഒരു മുനിസിപ്പാലിറ്റി, ഇടുക്കി താലൂക്കിലെ വാഴത്തോപ്പ് പഞ്ചായത്ത്, ഇടുക്കി വില്ലേജിലെ കുളമാവ് എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനുള്ള കിറ്റുകളാണ് ഇടവെട്ടി ഡിപ്പോയ്ക്ക് കീഴില്‍ തയ്യാറാകുന്നത്.

എ.പി.എല്‍., ബി.പി.എല്‍. വിഭാഗങ്ങള്‍ക്കായി 85000 ത്തോളം കിറ്റുകളാണ് ആകെ തയ്യാറാക്കേണ്ടത്. 34500 കിറ്റുകള്‍ ഇതിനോടകം വിവിധ കേന്ദ്രങ്ങളില്‍ തയ്യാറാക്കി വിതരണത്തിനെത്തിച്ചു. ബാക്കി ഉടന്‍ പൂര്‍ത്തിയാക്കാനാവുമെന്ന് ഡിപ്പോ മാനേജര്‍ ബൈജു.കെ.ബാലന്‍ പറഞ്ഞു.

നഗരസഭയുള്‍പ്പെടെ എല്ലാ പഞ്ചായത്തുകളിലും കിറ്റ് തയ്യാറാക്കുന്ന കേന്ദ്രങ്ങള്‍ സജീവമാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സൗജന്യമായി ലഭ്യമാക്കിയ കമ്മ്യൂണിറ്റി ഹാളുകള്‍, സഹകരണ സ്ഥാപനങ്ങളുടേയും വിവിധ മത സ്ഥാപനങ്ങളുടെയും മറ്റും ഉടമസ്ഥതയിലുള്ള ഹാളുകളിലും കെട്ടിടങ്ങളിലുമായാണ് കിറ്റ് നിറയ്ക്കല്‍ കേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നത്.

അതത് പ്രദേശത്തെ മാവേലി സ്റ്റോറുകള്‍ക്കും സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കുമാണ് ഓരോ കേന്ദ്രത്തിന്റെയും ചുമതല. ഇവിടെ നിന്നുള്ള ജീവനക്കാര്‍ മുഴുവന്‍ സമയത്തും കേന്ദ്രങ്ങളിലുണ്ടാവും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വോളന്റിയര്‍മാര്‍, വിവിധ യുവജന സംഘടനാ പ്രവര്‍ത്തകര്‍, സര്‍വീസ് സംഘടനകള്‍ തുടങ്ങിയവയില്‍ നിന്നുള്ളവരാണ് കിറ്റുകള്‍ നിറയ്ക്കുന്ന ജോലികള്‍ സൗജന്യമായി ചെയ്യുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം സപ്ലൈകോയുടെ ഉത്തരവാദിത്വത്തില്‍ ലഭ്യമാക്കും. വോളന്റിയര്‍മാരുടെ സൗകര്യത്തിനനുസരിച്ച് രാവിലെ മുതല്‍ രാത്രി വരെ കിറ്റ് നിറയ്ക്കല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 17 ഇന ഭക്ഷ്യവസ്തുക്കളും സമീപത്തെ സപ്ലൈകോ സ്ഥാപനങ്ങളില്‍ നിന്നും തികയാതെ വരുന്നവ ഡിപ്പോകളില്‍ നിന്നും കിറ്റ് നിറയ്ക്കല്‍ കേന്ദ്രങ്ങളിലെത്തിക്കും. ഇവ അളന്നു തൂക്കുന്നതിനായി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നുള്ള ത്രാസുകളും നിറയ്ക്കുന്നതിനുള്ള പായ്ക്കിങ് കവര്‍, സീലിംങ് മെഷീന്‍ എന്നിവയും സപ്ലൈകോ തന്നെയാണെത്തിക്കുക.
 

date