Skip to main content

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സൗകര്യങ്ങളൊരുക്കി, യാത്രാവേളയിൽ അതീവ ജാഗ്രത വേണം- മുഖ്യമന്ത്രി

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വരുന്നവർ താമസസ്ഥലം മുതൽ യാത്രാവേളയിൽ ഉടനീളം അതിയായ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നടപടിക്രമങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയം ഏർപ്പെടുത്തുന്ന വിമാനങ്ങളിലും പ്രതിരോധവകുപ്പ് ഏർപ്പെടുത്തുന്ന കപ്പലുകളിലുമാണ് ഇവർ വരുന്നത്. വ്യാഴാഴ്ച രണ്ടു വിമാനങ്ങൾ വരുമെന്നാണ് ഔദ്യോഗിക വിവരം. അബുദാബിയിൽനിന്ന് കൊച്ചിയിലേക്കും ദുബായിൽനിന്നും കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ വരുന്നത്.
മടങ്ങിവരുന്ന ഓരോ മലയാളിയുടെയും ആരോഗ്യകാര്യത്തിൽ കരുതലോടെയാണ് നാം ഇടപെടുന്നത്. നാട്ടിലേക്ക് വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കണമെന്ന് ആരോഗ്യകാരണങ്ങൾ മുൻനിർത്തി സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
പ്രവാസികൾ മടങ്ങിയെത്തുന്ന കേരളത്തിലെ വിവിധ വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്ക് ഡിഐജി തലത്തിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ സഞ്ജയ്കുമാർ ഗുരുഡിനും നെടുമ്പാശേരിയിൽ മഹേഷ്‌കുമാർ കാളിരാജിനും കരിപ്പൂരിൽ എസ് സുരേന്ദ്രനുമാണ് ചുമതല. കണ്ണൂർ വിമാനത്താവളത്തിൽ ഇപ്പോൾ വിമാനങ്ങൾ വരുന്നത് ഷെഡ്യൂൾ ചെയ്തിട്ടില്ലെങ്കിലും ചുമതല കെ. സേതുരാമന് നൽകിയിട്ടുണ്ട്. കൊച്ചി തുറമുഖത്തിന്റെ ചുമതല കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറേയ്ക്കാണ്.
രാജ്യത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കേരളീയർ പലയിടത്തും കുടുങ്ങിയിട്ടുണ്ട്. ദില്ലി ജാമിയ മിലിയ സർവകലാശാലയിലെ പെൺകുട്ടികളടക്കം 40 വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ്. നിരീക്ഷണ കേന്ദ്രങ്ങളാക്കാൻ ഹോസ്റ്റലുകൾ ഈ മാസം 15ന് മുൻപ് ഒഴിയണമെന്നാണ് അവർക്കു ലഭിച്ച നിർദേശം. ഇതുപോലെ മറ്റു സ്ഥലങ്ങളിലുമുണ്ട്. ഈ സാഹചര്യത്തിൽ ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ കാരണം കുടുങ്ങിയ വിദ്യാർത്ഥികളെ പ്രത്യേക നോൺസ്റ്റോപ്പ് ട്രെയിനിൽ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. സർക്കാരിന് ലഭിച്ച കണക്കുകളനുസരിച്ച് 1177 മലയാളി വിദ്യാർത്ഥികൾ തിരിച്ചുവരാനായി ഈ നാല് സംസ്ഥാനങ്ങളിലുണ്ട്. 723 പേർ ഡൽഹിയിലും 348 പേർ പഞ്ചാബിലും 89 പേർ ഹരിയാനയിലുമാണ്. ഹിമാചലിൽ 17 പേരുണ്ട്. ഡൽഹിയിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തുകയാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഡൽഹിയിലെത്തിക്കാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങൾ നടപടിയെടുക്കണം എന്ന് അഭ്യർത്ഥിച്ചു.
ഇത് സംബന്ധിച്ച് റെയിൽവെയുമായി ഔപചാരികമായി ബന്ധപ്പെടാൻ ഡൽഹി മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രത്യേക ട്രെയിനിന്റെ തീയതി ലഭിക്കുകയാണെങ്കിൽ അതിനനുസരിച്ച് വിദ്യാർത്ഥികളെ മുഴുവൻ ഡൽഹിയിൽ ഒരു കേന്ദ്രത്തിലെത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ ചെയ്യും. കേന്ദ്ര സർക്കാരുമായും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ഇതുവരെ എത്തിയവർ 6802 പേരാണ്. 2,03,189 പേർ കോവിഡ് ജാഗ്രതാ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാസിന് ആവശ്യപ്പെട്ടത് 69,108 പേരാണ്. 38,862 പാസുകൾ വിതരണം ചെയ്തു. തമിഴ്നാട്ടിൽനിന്ന് 4298 പേരും കർണാടകത്തിൽനിന്ന് 2120 പേരും മഹാരാഷ്ട്രയിൽനിന്ന് 98 പേരുമാണ് വന്നിട്ടുള്ളത്. ഈ മൂന്നു സംസ്ഥാനങ്ങളിൽനിന്നുമാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷനുള്ളത്.
മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. വാളയാർ ചെക്ക്പോസ്റ്റിലൂടെ മാത്രം 4369 പേരും മഞ്ചേശ്വരം ചെക്ക്പോസ്റ്റിലൂടെ 1637 പേരും വന്നു. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുടെ എണ്ണം 576 ആണ്. ലോക്ക്ഡൗൺ കാരണം മാതാപിതാക്കളിൽനിന്ന് മാറിനിൽക്കേണ്ടിവന്ന 163 കുട്ടികൾ തിരിച്ചെത്തിയവരുടെ കൂട്ടത്തിലുണ്ട്. സംസ്ഥാനത്ത് അടിയന്തര ചികിത്സയ്ക്കായി 47 പേരെത്തി. 66 ഗർഭിണികളാണ് വന്നത്.
അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് വരുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നത് ഉറപ്പുവരുത്തണം. ഇപ്പോൾ ഉള്ള സ്ഥലം ഹോട്ട്സ്പോട്ടാണെങ്കിൽ തിരിച്ചെത്തിയാൽ സംസ്ഥാനം ഏർപ്പെടുത്തുന്ന ക്വാറന്റൈനിൽ ഏഴു ദിവസം കഴിയണം. വിദേശത്തുനിന്നും മറ്റും സംസ്ഥാനങ്ങളിൽനിന്നും വരുന്ന ഗർഭിണികൾക്ക് വീടുകളിൽ പോകാം. അവർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്.
ഇപ്പോൾ ഉള്ള സംസ്ഥാനത്തുനിന്ന് യാത്രാ അനുമതി ലഭ്യമായശേഷം (അല്ലെങ്കിൽ ആവശ്യമില്ല എന്ന് ഉറപ്പാക്കിയതിനുശേഷം) കേരളത്തിലെ ഏത് ജില്ലയിലേക്കാണോ വരേണ്ടത്, ആ ജില്ലയിലേക്കുള്ള യാത്രാനുമതിക്കായി  covid19jagratha.kerala.nic.in പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
നോർക്ക രജിസ്ട്രേഷൻ നമ്പരോ മൊബൈൽ നമ്പരോ ഇതിനായി ഉപയോഗിക്കാം. വരുന്ന വാഹനത്തിന്റെ വിശദാംശങ്ങളും ലഭ്യമാക്കണം. പാസിൽ കേരളത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയ തീയതിയിൽ അതിർത്തിയിൽ എത്തുന്നവിധത്തിൽ യാത്ര ആരംഭിക്കാം.  വരുന്ന ജില്ലയിൽനിന്നും, എത്തിച്ചേരേണ്ട ജില്ലയിൽനിന്നും പാസ് ഉണ്ടാകണം.
വിദേശങ്ങളിൽനിന്നും അന്യ സംസ്ഥാനങ്ങളിൽനിന്നും ആളുകളെത്തുമ്പോൾ മാധ്യമങ്ങൾ കൃത്യമായ നിയന്ത്രണം പാലിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. വരുന്നവരുടെ അഭിമുഖം എടുക്കാനും മറ്റുമായി പോകുന്നത് ഒഴിവാക്കണം. വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വാർത്താ ശേഖരണത്തിന് സുരക്ഷാനിബന്ധനകൾ പാലിക്കണം. ഇതിൽ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് സ്വയം നിയന്ത്രണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
പി.എൻ.എക്സ്.1699/2020

date