Skip to main content

ജനവാസമേഖലയില്‍ കാട്ടുമൃഗങ്ങള്‍ നാശമുണ്ടാക്കുന്നത് ഗുരുതര പ്രശ്‌നം: രാജു എബ്രഹാം എംഎല്‍എ

      ജനവാസമേഖലയില്‍ കാട്ടുമൃഗങ്ങള്‍ ഇറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശം ഉണ്ടാക്കുന്നത് അതിഗുരുതരമായ  പ്രശ്‌നമാണെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. മണിയാറില്‍ കടുവയുടെ ആക്രമണം ഉണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന, കടുവ, പന്നി ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ യഥേഷ്ടം നാട്ടില്‍ ഇറങ്ങുകയാണ്. പന്നിയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ് ഉണ്ടെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അതിന് തയാറാകുന്നില്ല.   കാട്ടു മൃഗങ്ങളുടെ എണ്ണം ക്രമീകരിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിയമമുണ്ടെങ്കിലും ഇന്ത്യയിലില്ല. നിശ്ചിത എണ്ണത്തില്‍ കൂടുന്ന കാട്ടു മൃഗങ്ങളെ വെടിവെച്ചു കൊല്ലുകയാണ് ഈ രാജ്യങ്ങള്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ഈ നിയമം ഇല്ലാത്തതിനാല്‍ കാട്ടുമൃഗങ്ങള്‍ പെറ്റു പെരുകി ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മനുഷ്യനെ കൊന്നാലും കുഴപ്പമില്ല മൃഗങ്ങള്‍ പെരുകട്ടെ എന്നാണ് ചില മൃഗസ്‌നേഹികളുടെ വാദം. കടുവയെ എത്രയും വേഗം പിടികൂടി നാട്ടുകാരുടെ ആശങ്ക ഒഴിവാക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. കടുവ ഭീഷണിയില്‍ ഭയചകിതരായ നാട്ടുകാരെ ആശ്വസിപ്പിക്കാനും അടിയന്തര നടപടി സ്വീകരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതിനും ശേഷമാണ് എംഎല്‍എ മടങ്ങിയത്.
 

date