Skip to main content

കോവിഡ് 19: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാം ഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

 

*പ്രതിരോധ കിറ്റുകളുടെ വിതരണം മന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു

ആലപ്പുഴ : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാം ഘട്ട കോവിഡ് 19 - പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തില്‍  നടന്ന ചടങ്ങില്‍ കയര്‍ - ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക് രണ്ടാം ഘട്ട പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ സാമഗ്രികള്‍ മന്ത്രി വിതരണം ചെയ്തു.

പടി പടിയായി നമ്മുടെ സമ്പത്ത് ഘടനയെ തുറക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍  സ്വീകരിച്ചു വരികയാണെന്ന് പ്രതിരോധ കിറ്റുകളുടെ വിതരണോദ്ഘാടനത്തിനു ശേഷം മന്ത്രി തോമസ് ഐസക് പറഞ്ഞു. വ്യവസായങ്ങളും കൃഷിയുമൊക്കെ പുനഃരാരംഭിക്കുന്നത് കര്‍ശനമായ അച്ചടക്കത്തിന്റെ ഭാഗമായാണ്. അതു കൊണ്ടു തന്നെ പണിക്ക് പോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും കൈകള്‍ സാനിടൈസര്‍ ഉപയോഗിച്ച് കഴുകണമെന്നും മന്ത്രി പറഞ്ഞു. പണിക്കു പോകുന്നവര്‍ക്കെല്ലാം മാസ്‌കും സാനിറ്റൈസറും എത്തിച്ചു നല്‍കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രാദേശികമായിട്ട് ഇവയുടെ എല്ലാം നടത്തിപ്പിനുള്ള സിരാ കേന്ദ്രമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും  മന്ത്രി തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ രോഗ വ്യാപനമുണ്ടാകുമെന്നും അതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.   കോവിഡിന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഒരു പ്രതിനിധിക്കാണ് പ്രതിരോധ കിറ്റ് മന്ത്രി നല്‍കിയത്.  കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ എ. എം. ആരിഫ് എം. പി,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു, സെക്രട്ടറി കെ. എ തോമസ് എന്നിവര്‍ പങ്കെടുത്തു.

15000 മാസ്‌കുകള്‍, സാനിറ്റിസെര്‍, ആയുര്‍വേദ മരുന്നുകള്‍ അടങ്ങിയ പ്രതിരോധ കിറ്റുകളാണ് രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വിതരണം ചെയ്യുന്നത്.  ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് പ്രതിരോധ കിറ്റ് നല്‍കുന്നത്.

date