Skip to main content

തീരദേശത്ത് കോവിഡ് പരിശോധനയുമായി സഞ്ചരിക്കുന്ന ആശുപത്രി

ലോക് ഡൗൺ കാലത്ത് ജില്ലയിലെ സാധാരണക്കാർക്കായി രൂപം കൊടുത്ത സഞ്ചരിക്കുന്ന ആശുപത്രി തീരദേശമേഖലയിലുമെത്തി. എറിയാട് പഞ്ചായത്തിലാണ് ജനങ്ങൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്ന് സഞ്ചരിക്കുന്ന ആശുപത്രി സ്‌ക്രീനിംഗ് ക്യാമ്പ് നടത്തിയത്. തിങ്കളാഴ്ച രാവിലെ ചെമ്പറമ്പ് മിറാഷ് നഗറിൽ നടത്തിയ ക്യാമ്പ് എം പി ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് പേർ പരിശോധനയ്ക്ക് വിധേയരായി. രണ്ടു ഡോക്ടർമാർ, നേഴ്സ്, പേഷ്യന്റ് കെയർ ഫെസിലിറ്റേറ്റർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിലുള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരേ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിച്ചത്. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പിന് നൽകുന്ന രീതിയാണ് ക്യാമ്പുകളിൽ അവലംബിച്ചത്. ഉച്ചക്ക് മൂന്ന്മണി മുതൽ മുനക്കൽ സഫാ കമ്പനിക്ക് സമീപം നടത്തിയ ക്യാമ്പിൽ നിരവധിയാളുകൾ സ്‌ക്രീനിങ്ങിൽ പങ്കെടുത്തു. സൗജന്യ ലാബ് ടെസ്റ്റുകളും മരുന്ന് വിതരണവും നടന്നു. മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഈദ സുലൈമാൻ, പീപ്പിൾസ് ഫൗണ്ടേഷൻ ഭാരവാഹികളായ കെ എ സദറുദീൻ, ഇ.എ മുഹമ്മദ് റഷീദ്, കെ.എം വീരാൻകുട്ടി, ഇ.എസ് അബ്ദുസ്സലാം തുടങ്ങിയവർ പങ്കെടുത്തു.

date