Skip to main content

ഷെഡ്യൂള്‍ എച്ച്, എച്ച് 1 മരുന്നുകള്‍ വില്ക്കുമ്പോള്‍ ജാഗ്രത പാലിക്കണം : ഡ്രഗ്‌സ് കണ്‍ട്രോളര്‍

ചില്ലറ മരുന്നു വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഷെഡ്യൂള്‍ എച്ച്, എച്ച് 1 വിഭാഗത്തില്‍പെടുന്ന മരുന്നുകളുടെ വില്‍പ്പന ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് റൂള്‍സ് 1945 - ലെ വ്യവസ്ഥകള്‍ പ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ക്കു വിധേയമായിരിക്കണമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.  ഈ വിഭാഗങ്ങളിപ്പെടുന്ന മരുന്നുകളും ഡോക്ടറുടെ കുറിപ്പടിയോടുകൂടി, വ്യക്തമായ വില്‍പ്പന ബില്ലുകള്‍ സഹിതം വില്‍ക്കണം. ലഹരിക്കായി ദുരുപയോഗം ചെയ്യുവാന്‍ സാധ്യതയുള്ള ഷെഡ്യൂള്‍ എച്ച് 1 വിഭാഗത്തില്‍പ്പെടുന്ന മരുന്നുകളുടെ സ്റ്റോക്ക്, വില്‍പ്പന വിവരങ്ങള്‍ കര്‍ശനമായി, നിര്‍ദ്ദിഷ്ട മാതൃകയിലുള്ള രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം, കുറിപ്പടിയില്‍ വില്‍പ്പന നടത്തിയതായി രേഖപ്പെടുത്തുകയും വേണം.  ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തെ മരുന്നു വ്യാപാരികള്‍ക്ക് കാലാകാലങ്ങളില്‍ നല്‍കിയിട്ടുണ്ടെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

ഗര്‍ഭഛിദ്രം, ലൈംഗിക ഉത്തേജനം, ലഹരിക്കായി ദുരുപയോഗം ചെയ്യുവാന്‍ സാധ്യതയുള്ള കൊഡീന്‍ അടങ്ങിയ കഫ് സിറപ്പുകള്‍, മാനസികാരോഗ്യ ചികിത്സയ്ക്കായുള്ള മരുന്നുകള്‍, ചില പ്രത്യേക ഇനം വേദന സംഹാരികള്‍ എന്നിവ വാങ്ങുമ്പോഴും, വില്‍പ്പന നടത്തുമ്പോഴും ചില്ലറ മരുന്നു വ്യാപാരികളും പൊതുജനങ്ങളും ആവശ്യമായ ജാഗ്രത പാലിക്കണം.

ഇത്തരം മരുന്നുകള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന് സ്‌കൂളുകളും, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതു സംബന്ധിച്ചും പൊതുജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.  സംശയാസ്പദ സാഹചര്യത്തില്‍ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ മരുന്നുവില്‍പ്പന/മരുന്നുകടത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുള്ള മരുന്നു വില്‍പ്പന, രാത്രികാലങ്ങളിലുള്ള മരുന്നു വില്‍പ്പന എന്നിവ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെയോ, സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ കാര്യാലയങ്ങളിലോ അറിയിക്കണമെന്നും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അഭ്യര്‍ത്ഥിച്ചു.

പി.എന്‍.എക്‌സ്.678/18

date