ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം മൂന്ന് മാസം കൂടുമ്പോള്‍ ചേരും: ജില്ലാ കലക്ടര്‍ റെഡ് ഓക്സൈഡ് കലര്‍ന്ന അരി സംബന്ധിച്ച് പരാതി ലഭിച്ചാല്‍ പരിശോധിക്കും
ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം മൂന്ന് മാസം കൂടുമ്പോള്‍ ചേരുമെന്ന് സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ് ബാബു സമിതി അംഗങ്ങളെ അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന ജില്ലാതല ഭക്ഷോപദേശക-വിജിലന്‍സ് കമ്മിറ്റി യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തശേഷം ജില്ലയില്‍ ആദ്യമായാണ് സമിതി യോഗം നടക്കുന്നത്. സമിതി അംഗങ്ങളുടെ വിവിധ ചോദ്യങ്ങ ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്‍റ് കമ്മീഷ്നര്‍, സപ്ലൈകോ റീജിനല്‍ മാനേജര്‍ ദാക്ഷായണി കുട്ടി, ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍ അനില്‍ രാജ് എന്നിവര്‍ നല്‍കിയ മറുപടി താഴെ കൊടുക്കുന്നു.
ഭക്ഷ്യസുരക്ഷാ വകുപ്പ്:
* റെഡ് ഓക്സൈഡ് കലര്‍ത്തി കൃത്രിമ നിറമുണ്ടാക്കി വിപണിയിലിറക്കുന്ന അരി സംബന്ധിച്ച് കഴിഞ്ഞ പത്ത് വര്‍ഷമായി ജില്ലയില്‍ പരാതികളൊന്നു ലഭ്യമായിട്ടില്ലായെന്ന് ഫുഡ് ആന്‍ഡ് സേഫ്റ്റി അസിസ്റ്റന്‍റ് കമ്മീഷ്നര്‍ ജോര്‍ജ്ജ് വര്‍ഗീസ് അറിയിച്ചു.റെഡ് ഓക്സാഡ് കലര്‍ത്തുന്നത് സംബന്ധിച്ച് കൃത്യമായ പരാതി ലഭ്യമാകുന്ന പക്ഷം പരിശോധിക്കും.
* അരിയില്‍ നിശ്ചിത അളവില്‍ കൂടുതല്‍ തവിടെണ്ണ കലര്‍ത്തി വില്‍പന നടത്തുന്നതിലാണ് പരാതി ലഭ്യമായിട്ടുളളത്.അതില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
* പഴവര്‍ഗ്ഗങ്ങളില്‍ വേഗത്തില്‍ പഴുപ്പിക്കാനും കേടുവരാതിരിക്കാനും രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചും പരാതി ലഭ്യമാകുന്ന പക്ഷം പരിശോധിച്ച് നടപടിയെടുക്കും. അതിനായി കാര്‍ബൈഡ് പോലുളള രാസവസ്തുക്കള്‍ കടയില്‍ സൂക്ഷിച്ചാലും നടപടി നേരിടേണ്ടി വരും.
* പഴകിയ പഴവര്‍ഗങ്ങള്‍ ഉപയോഗിച്ച് 'ഫ്രഷ് മിക്സഡ് ജ്യൂസ്' എന്ന പേരില്‍ വില്‍പന നടത്തുന്നതും അതിലുപയോഗിക്കുന്ന ഐസ് സംബന്ധിച്ചുളള ആരോപണങ്ങളിലും കര്‍ശന പരിശോധന നടത്തും.
* വിഷാംശമുളള പച്ചക്കറികള്‍ ജില്ലക്കകത്ത് നിന്ന് ഈയടുത്ത് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ പരിശോധന തുടരും.
* വിപണിയിലെ പാലുത്പന്നങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ല. അതേ സമയം ഗുണമേന്മയിലെ കുറവ് ചൂണ്ടിക്കാട്ടി നടപടിയെടുത്തിട്ടുണ്ട്.
* ജില്ലയിലെ നിലവിലുളള 14 അംഗീകൃത കുപ്പിവെളള കമ്പിനികളില്‍ പരിശോധന നടത്തുന്നുണ്ട്.
* തട്ടുകടകളില്‍ വിലവിവര പട്ടിക വെയ്ക്കുന്നതിനുളള നീക്കം നടത്തും. ഫുഡ് സേഫ്റ്റി അധികൃതരുടെ രജിസ്ര്ടേഷനുളള തട്ടുകടകളുടെ സ്ഥാനത്തില്‍ പ്രശ്നമുണ്ടെങ്കില്‍ അതത് തദ്ദേശ സ്ഥാപനങ്ങളാവും നടപടി സ്വീകരിക്കുക. വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗവും ഇവരുടെ മാലിന്യ നിര്‍മാര്‍ജ്ജനത്തിലുളള പിഴവുകളില്‍ ആരോഗ്യ വകുപ്പ് അധികൃരുമാവും നടപടി എടുക്കുക.
* വിപണിയിലെത്തുന്ന മത്സ്യങ്ങളുടെ പഴക്കം, അവയിലുപയോഗിക്കുന്ന ഐസ് സംബന്ധിച്ചും ഹാനികരമായ റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ലെങ്കിലും പരിശോധന തുടരുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്‍റ് കമ്മീഷ്നര്‍ സമിതി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
സപ്ലൈകോ:
* കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഇനിമുതല്‍ നെല്ല് സംഭരണം സമയബന്ധിതമാക്കുമെന്ന് അതുമായി ബന്ധപ്പെട്ട സമിതി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് സപ്ലൈകോ റീജിനല്‍ മാനേജര്‍ ദാക്ഷായണിക്കുട്ടി മറുപടി നല്‍കി.
* സപ്ലൈകോ ഔട്ട്ലെറ്റുകളിലെ ഉത്പന്നങ്ങള്‍ വിദഗ്ദ പരിശോധനയ്ക്ക് ശേഷമാണ് വില്‍പനയ്ക്ക് വെയ്ക്കുന്നത്. സപ്ലൈകോയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുളള ഉത്പന്നങ്ങളാണ് ഔട്ടലെറ്റുകളില്‍ ലഭ്യമാക്കുന്നത്.
സപ്ലൈകോ ഔട്ട്ലെറ്റുകളിലെ സബ്സിഡി ഇനങ്ങള്‍ക്ക് ഉയര്‍ന്ന വില ഈടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് വില കുറച്ചിട്ടുണ്ട്.
സപ്ലൈകോ നടപ്പാക്കുന്ന റേഷന്‍ സാധനങ്ങളുടെ വാതില്‍പടി വിതരണം ആവശ്യത്തിന് ജീവനക്കാരെ ലഭ്യമാകുന്ന പക്ഷം കൃത്യവും സമയബന്ധിതവുമായി നടപ്പാക്കും.
റേഷന്‍ സംവിധാനം:
നിലവില്‍ ഫോട്ടോ നല്‍കിയവര്‍ക്കും താല്‍ക്കാലിക കാര്‍ഡ് ലഭ്യമായവര്‍ക്കും് രണ്ടായി വിഭജിച്ച് നല്‍കേണ്ടതുമായ കാര്‍ഡ് വിതരണമാണ് നിര്‍വഹിക്കാനുളളത്. അത് താലൂക്ക് സപ്ലൈ ഓഫീസുകള്‍ മുഖേന നടപ്പാക്കാനുളള സജ്ജീകരണങ്ങള്‍ പൂര്‍്ത്തിയാക്കി വരികയാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍.അനില്‍രാജ് അറിയിച്ചു.
റേഷന്‍ കടകളിലെ ഉത്പന്നങ്ങളുടെ ലഭ്യത സംബന്ധിച്ച് തെറ്റായ സന്ദേശങ്ങള്‍ ഉപഭോക്താവിന്‍റെ മൊബൈലില്‍ വരുന്നത് സംബന്ധിച്ച് സര്‍ക്കാറിനെ അറിയിക്കും
റേഷന്‍ കടകളിലെ ഇ-പോസ് മെഷിന്‍ ഏര്‍പ്പാടാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്. അടുത്തമാസം ആദ്യവാരത്തില്‍ ജില്ലയിലെ 50 റേഷന്‍ കടകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പരിശീലനം നല്‍കും.
റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കുക സംബന്ധിച്ചുളള സമിതി അംഗങ്ങളുടെ നിര്‍ദ്ദേശവും സര്‍ക്കാരിനെ അറിയിക്കും.
റേഷന്‍ കടകളില്‍ ബില്‍ ചോദിച്ചു വാങ്ങണം. ബില്‍ തരാത്ത പക്ഷം താലൂക്ക് സ്പ്ലൈ ഓഫീസറേയൊ , ജില്ലാ സപ്ലൈ ഓഫീസറേയൊ, ജില്ലാ കലക്ടറേയോ വിവരമറിയിക്കാം.
ഭക്ഷ്യോപദേശക വിജിലന്‍സ് സമിതിയംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡെന്ന ആവശ്യം സംബന്ധിച്ച് സര്‍ക്കാറിനെ അറിയിക്കും.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് ജോബി വി ചുങ്കത്ത്, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍ഡ് എ ബാലകൃഷ്ണന്‍, റേഷന്‍ വ്യാപാരികളുടെ പ്രതിനിധി ശിവദാസ് മേലിക്കാട്, കണ്‍സ്യൂമര്‍ അസോസിയേഷന്‍ അംഗങ്ങളായ പി.എ സുരേന്ദ്രന്‍, ടി.കെ ജയകുമാര്‍, പ്രസ് ക്ലബ് പ്രസിഡന്‍ഡ് ഷില്ലര്‍ സ്റ്റീഫന്‍ , താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments