Skip to main content

കാലവര്‍ഷം: മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

 

കാലവര്‍ഷത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെ വിവിധ വകുപ്പ് മേധാവികളുമായി ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേര്‍ന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലേതിന് സമാനമായ രീതിയില്‍ മഴ ശക്തമായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് വകുപ്പ് മേധാവികളുമായി എ.ഡി.എം എന്‍.എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍ എന്നിവര്‍ ചര്‍ച്ച നടത്തി. ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. രാജന്‍ എന്നിവരും കലക്ടറേറ്റില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
അടിയന്തര ഘട്ടത്തില്‍ സഹായമെത്തിക്കുന്നതിനായി സിവില്‍ സപ്ലൈസ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി, ഫോറസ്റ്റ്, ജില്ലാ പഞ്ചായത്ത്, ഫിഷറീസ്, പൊതുമരാമത്ത്, താലൂക്ക് തഹസില്‍ദാര്‍മാര്‍ തുടങ്ങി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ദുരന്തനിവാരണ വിഭാഗം നിര്‍ദേശങ്ങള്‍ നല്‍കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ നേരത്തെ സംഭരിക്കുന്നതിനുള്ള നിര്‍ദേശങ്ങളോടൊപ്പം കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍, പ്രളയ സാധ്യതാ മേഖലകളില്‍ നിന്ന് ആളുകളെ ഏതൊക്കെ സ്ഥലങ്ങളിലേക്ക് സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാമെന്നത് സംബന്ധിച്ചും ബന്ധപ്പെട്ട വകുപ്പ് മേധാവികളുമായി യോഗം ചര്‍ച്ച ചെയ്തു. പ്രധാന റോഡുകള്‍ തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ഉപയോഗപ്പെടുത്താവുന്ന സമാന്തര പാതകള്‍ സംബന്ധിച്ചും അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ചും യോഗം വിലയിരുത്തി. പുഴകളിലെയും തോടുകളിലെയും അവശിഷ്ടങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ നിലമ്പൂര്‍ മേഖലയില്‍ മഴക്കാലത്തിന് മുന്നോടിയായി പ്രത്യേകം യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

date