Skip to main content

ഇരവിപേരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്  മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു 

ആധുനിക സൗകര്യങ്ങളോടെ പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ഇത്തരത്തില്‍ ജില്ലയില്‍ മൂന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. 

വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. സാധാരണക്കാര്‍ ആശ്രയിക്കുന്ന ഓഫീസ് എന്ന നിലയില്‍  വില്ലേജ് ഓഫീസുകള്‍ മികച്ചതാകണമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് മാത്രമല്ല സേവനങ്ങള്‍ ചെയ്യുന്ന ജീവനക്കാര്‍ക്കും സൗഹൃദപരമായ അന്തരീക്ഷം ഒരുക്കാന്‍ ഇരവിപേരൂര്‍ സ്മാര്‍ട്ട് വില്ലേജിന് സാധിക്കുമെന്നും എം.എല്‍.എ പറഞ്ഞു. വില്ലേജ് ഓഫീസില്‍ സൂക്ഷിക്കുന്ന വിസിറ്റേഴ്‌സ് ബുക്കില്‍ എം.എല്‍.എ ഓഫീസിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. 

2018-2019 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചിലവഴിച്ചാണ് സ്മാര്‍ട്ട് വില്ലേജിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇരുനിലകളിലായി മികച്ച സ്ഥലസൗകര്യത്തോടെ പണി കഴിപ്പിച്ച കെട്ടിടത്തില്‍ ഏഴ് ഓഫീസര്‍ കൗണ്ടറുകള്‍, ഫ്രണ്ട് ഓഫീസ്, വിശ്രമമുറി, വില്ലേജ് ഓഫീസറുടെ ക്യാമ്പിന്‍ എന്നിവ താഴത്തെ നിലയിലും റെക്കോര്‍ഡ് റൂം, ഊണുമുറി, ബാത്ത്‌റൂം, ഹാള്‍ എന്നിവ മുകളിലത്തെ നിലയിലും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദപരമായിട്ടാണ് പ്രവേശന കവാടം നിര്‍മ്മിച്ചിട്ടുള്ളത്. ഇവര്‍ക്കായി പ്രത്യേക ബാത്ത്‌റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ തടസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇന്‍വര്‍ട്ടറും സജ്ജീകരിച്ചിട്ടുണ്ട്.

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍ കൃഷ്ണകുമാര്‍, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ സജികുമാര്‍, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എന്‍.രാജീവ്, തിരുവല്ല തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രകാശിനി രമേശ്, ബിന്ധു.കെ.നായര്‍, ഇരവിപേരൂര്‍ വില്ലേജ് ഓഫീസര്‍ ആര്‍.സിന്ധു, ജില്ലാ നിര്‍മ്മിതി കേന്ദ്രം സൈറ്റ് എഞ്ചിനീയര്‍ ലജിതകുമാരി തുടങ്ങിയവര്‍  ചടങ്ങില്‍ പങ്കെടുത്തു. 

date