Skip to main content

ആദ്യ സഹായം ഷൈലജയ്ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാത്ത 1,24,460 കുടുംബങ്ങള്‍ക്ക് 1.24 കോടി വിതരണം ചെയ്യും

ലോക്ക് ഡൗണ്‍ മൂലം ബുദ്ധിമുട്ടുന്ന സര്‍ക്കാരിന്റെ യാതൊരു ആനുകൂല്യവും ലഭിക്കാത്ത കുടുംബങ്ങള്‍ക്കായി പ്രഖ്യാപിച്ച 1,000 രൂപ ധനസഹായ വിതരണം ജില്ലയില്‍ തുടങ്ങി. കിളികൊല്ലൂര്‍ ഒരുമ നഗര്‍ പുലരിയില്‍ എസ് ഷൈലജയ്ക്ക് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഇന്നലെ(മെയ് 26) വീട്ടിലെത്തി തുക കൈമാറി.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ പെന്‍ഷനോ വെല്‍ഫെയര്‍ ഫണ്ട് പെന്‍ഷനോ മറ്റ് യാതൊരു ആനുകൂല്യങ്ങളോ ലഭിക്കാത്ത ബി പി എല്‍, അന്ത്യോദയ അന്നയോജന കുടുംബങ്ങള്‍ക്കുള്ള തുക വിതരണത്തിന് ജില്ലയില്‍ തുടക്കം കുറിക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയാണെന്ന പ്രത്യേകതയുമുണ്ട്.
തയ്യല്‍കട നടത്തുന്ന ഷൈലജ ലോക്ക്ഡൗണില്‍ കട തുറക്കാതെ വിഷമിക്കുകയായിരുന്നു. ഭര്‍ത്താവ് അനില്‍കുമാര്‍ ലോട്ടറി കച്ചവടം നടത്തുകയാണ്. അതിനും മുടക്കം വന്നിരുന്നു. ലഭിച്ച സര്‍ക്കാര്‍ സഹായം മൂന്നു മക്കളുള്ള തങ്ങളുടെ കുടുംബത്തിന് ചെറിയ തുകയല്ലെന്നും ഷൈലജ പറഞ്ഞു. കിളികൊല്ലൂര്‍ സഹകരണ ബാങ്ക് വഴിയാണ് തുക വിതരണം ചെയ്തത്.
ജില്ലയില്‍ 118 സഹരണ ബാങ്കുകള്‍ വഴി 1,24,460 കുടുംബങ്ങള്‍ക്ക് 12,44,60,000 രൂപയാണ് വിതരണം ചെയ്യുക. ജൂണ്‍ ആറുവരെ തീയതികളില്‍ സഹകരണ ബാങ്ക് ജീവനക്കാര്‍ തുക അര്‍ഹരായവരുടെ വീടുകളില്‍ എത്തിക്കും.
സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ മോഹനന്‍ പോറ്റി, കിളികൊല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ആര്‍ സുജിത്ത്കുമാര്‍, സെക്രട്ടറി എ പ്രദീപ്കുമാര്‍ എന്നിവര്‍ തുക കൈമാറാന്‍ എത്തി.
(പി.ആര്‍.കെ നമ്പര്‍ 1478/2020)

 

date