Skip to main content

കോവിഡ് 19; മലപ്പുറം ജില്ലയില്‍ രോഗമുക്തരായ ഏഴ് പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും

 

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു ഗര്‍ഭിണിയും മൂന്ന് വയസുകാരനുള്‍പ്പെടെ ഏഴ് പേര്‍ ഇന്ന് (ജൂണ്‍ ഒന്ന്) മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങും. ഗര്‍ഭിണിയായ തിരൂര്‍ ബി.പി. അങ്ങാടി സ്വദേശിനി 27 കാരി, ഇവരുടെ മൂന്ന് വയസുള്ള മകന്‍, കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി 21 കാരന്‍, ഇരിമ്പിളിയം മങ്കേരി സ്വദേശി 36 കാരന്‍, കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി 23 കാരന്‍, പാലക്കാട് നെല്ലായ സ്വദേശിയായ 39 കാരന്‍, വെളിയങ്കോട് ഗ്രാമം സ്വദേശിയായ 35 കാരന്‍ എന്നിവരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുന്നത്.

മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയാണ് തിരൂര്‍ ബി.പി. അങ്ങാടിയിലെ ഗര്‍ഭിണിയായ യുവതിയും ഇവരുടെ മൂന്ന് വയസുള്ള മകനും തിരിച്ചെത്തിയിരുന്നത്. ഇവര്‍ക്ക് മെയ് 12 ന് വൈറസ് ബാധ കണ്ടെത്തി. ക്വലാലംപൂരില്‍ നിന്ന് മെയ് 10 ന് തിരിച്ചെത്തിയ കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശിക്ക് മെയ് 21 നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരിമ്പിളിയം മങ്കേരി സ്വദേശി മെയ് 12 ന് മാലി ദ്വീപില്‍ നിന്ന് എത്തിയതായിരുന്നു. മെയ് 23 ന് രോഗബാധ സ്ഥിരീകരിച്ചു. കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി മെയ് 12 ന് സിംഗപ്പൂരില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തിയതായിരുന്നു. മെയ് 23 നാണ് രോഗബാധ സ്ഥിരീകരിച്ച് ഇായാള്‍ ഐസൊലേഷനിലായത്. പാലക്കാട് നെല്ലായ സ്വദേശി മെയ് 13 നാണ് കുവൈത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിയത്. പാലക്കാട് ജില്ലയിലേക്ക് പോകാതെ മലപ്പുറത്ത് പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 23 ന് രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായി. വെളിയങ്കോട് ഗ്രാമം സ്വദേശിയായ 35 കാരന്‍ മെയ് ഏഴിന് അബുദബിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴിയെത്തിയശേഷം കോവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 23 ന് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.

ഇവരെല്ലാം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇന്ന് രാവിലെ 10.30 ന് ഇവരെ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക് അയക്കുമെന്നും വീടുകളിലും പ്രത്യേക നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
 

date