Skip to main content

ജൽ ജീവൻ മിഷൻ: ഈ വർഷം 880 കോടി ചെലവഴിക്കാൻ അനുമതി

അഞ്ച് വർഷം കൊണ്ട് 52.85 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ ലഭ്യമാക്കുന്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ ഈ വർഷം 880 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിൽ 400 കോടി രൂപ സംസ്ഥാന വിഹിതമാണ്. 400 കോടി രൂപ കേന്ദ്ര സർക്കാരും 80 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വഹിക്കും.
കേരളത്തെ സമ്പൂർണ പൈപ്പ് കണക്ഷനിലൂടെ കുടിവെള്ളം ലഭ്യമാകുന്ന സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്. കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ മിഷനിൽ ഉൾപ്പെടുത്തി 22,720 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിക്കൊപ്പം സംസ്ഥാന പദ്ധതികൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം  ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദീർഘകാല കുടിവെള്ള പദ്ധതികൾക്ക് രൂപം നൽകുക, ഗ്രാമപഞ്ചായത്ത് - ഗ്രാമീണ സാമൂഹിക കൂട്ടായ്മ എന്നിവ തനത് ഗ്രാമത്തിലെ കുടിവെള്ള പദ്ധതി പരിപാലിച്ച് നടപ്പിലാക്കുക, ഗ്രാമീണമേഖലയിലെ പദ്ധതികളിൽ തദ്ദേശ വാസികൾക്ക് അർഹമായ പ്രാധാന്യം പരിഗണനയും നൽകി അവരെ കൊണ്ട് തന്നെ പദ്ധതി സ്വന്തമായി നടത്തി സേവനം നൽകുക, കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക, സാങ്കേതികേതര ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി പദ്ധതി നടത്തിപ്പിന് വിനിയോഗിക്കുക, ഇവയിലൂടെ ഉപഭോക്താക്കളുടെ കൂട്ടായ്മ കൊണ്ട് തന്നെ പദ്ധതിയുടെ ദീർഘകാല നിലനിൽപ്പ് കൈവരിക്കുക എന്നതാണ് ലക്ഷ്യം.
ഗ്രാമ പഞ്ചായത്തുകൾക്കാണ് പ്രധാനമായും പദ്ധതി നടത്തിപ്പ് ചുമതല. ഗ്രാമ പഞ്ചായത്തിനും ബന്ധപ്പെട്ട സ്റ്റാന്റിംങ് കമ്മിറ്റിയുമായിരിക്കും ഗ്രാമ പഞ്ചായത്ത് തലത്തിൽ പദ്ധതി നടത്തിപ്പിന് നേതൃത്യം നൽകുന്നത്. ഒന്നിലധികം പഞ്ചായത്തുകൾ ഉൾപ്പെടുന്ന പദ്ധതി ആണെങ്കിൽ ഏകോപനത്തിനായി വിവിധ ഗ്രാമ പഞ്ചായത്തുകൾ/ബ്ലോക്ക് പഞ്ചായത്തുകൾ/ജില്ലാ പഞ്ചായത്ത് എന്നിവയിലെ അംഗങ്ങളെ ഉൾപ്പെടുത്തി കോ-ഓർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കും. ജൽ ജീവൻ മിഷൻ പഞ്ചായത്ത് തല/ജില്ലാതല സംവിധാനത്തിൽ ബ്ലോക്ക് പഞ്ചായത്ത്/ജില്ലാ പഞ്ചായത്ത് പ്രതിനിധികളെ ഉൾപ്പെടുത്താവുന്നതാണ്.
  10 ശതമാനം ഉപഭോക്തൃ വിഹിതവും 15 ശതമാനം പഞ്ചായത്ത് വിഹിതവും നൽകാൻ സന്നദ്ധത അറിയിക്കുന്ന പഞ്ചായത്തുകളെയാണ് ഈ വർഷം ഉൾപ്പെടുത്തുന്നത്. പഞ്ചായത്ത് വിഹിതം, ഉപഭോക്തവിഹിതം എന്നീ കാര്യങ്ങളിൽ പ്രത്യേക വിഭാഗങ്ങൾക്ക് (ബി.പി.ൽ, എസ്.സി, എസ്.ടി, മത്സ്യതൊഴിലാളികൾ) ആവശ്യത്തിനനുസരിച്ച് ഇളവുകൾ നൽകുന്നകാര്യം പഞ്ചായത്തുകൾക്ക് തീരുമാനിക്കാം.
പി.എൻ.എക്സ്.2027/2020

date