Skip to main content
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂദിനാഘോഷം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു.

 റവന്യൂവകുപ്പിന്റെ സേവനങ്ങള്‍ക്ക് വേഗത കൂട്ടണം;  മന്ത്രി

    റവന്യൂ വകുപ്പ് കേവലം ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന വകുപ്പല്ലെന്നും വകുപ്പുകളുടെ  മാതാവാണെന്നും റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വില്ലേജ് ഓഫീസ് മുതല്‍ കളക്ടറേറ്റ് വരെ  സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതലായി കൈകാര്യം ചെയ്യുന്ന വകുപ്പ് എന്ന നിലയില്‍  പരിഹാരത്തിന് വേഗത കൂട്ടാനുളള ഉത്തരവാദിത്തവും ജീവനക്കാര്‍ക്കുണ്ട് എന്നദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 24വരെയായി ജില്ലാകളക്ടര്‍ പ്രഖ്യാപിച്ചിട്ടുളള ത്വരിതം 2018 എന്ന പദ്ധതി എല്ലാവരും ഏറ്റെടുത്ത് വിജയിപ്പിക്കണം. ഫയലുകളിലെ പരിശോധന ഏറ്റവും വേഗതയില്‍ നടത്തി പ്രശ്‌നപരിഹാരം ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതി.  ചടങ്ങില്‍ വിവിധ  പട്ടയവിതരണവും പ്രകൃതിക്ഷോഭ ധനസഹായ വിതരണവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള ധനസഹായ വിതരണവും ഓഖി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കുളള അനുമോദനം, മികച്ച വില്ലേജ് ഓഫീസര്‍ക്കുളള അനുമോദനം, ക്വിസ് മത്സരവിജയികള്‍ക്കും ക്ലീന്‍ ഓഫീസ് വിജയികള്‍ക്കുളള സമ്മാനവിതരണവും മന്ത്രി നിര്‍വ്വഹിച്ചു. എന്‍ ഐ സി ഇന്നൊവേഷന്‍ ചാലഞ്ച്  2018 മത്സരത്തില്‍  ദേശീയപുരസ്‌കാരം ലഭിച്ച  ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ കെ രാജനെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. 
    ചടങ്ങില്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ സ്വാഗതവും എഡിഎം എന്‍ ദേവിദാസ് നന്ദിയും പറഞ്ഞു.  വിവിധ ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജീവനക്കാര്‍ സംബന്ധിച്ചു. 1886 ഫെബ്രുവരി 24 ന് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ ബാലരാമവര്‍മ്മയാണ് റവന്യൂ സെറ്റില്‍മെന്റ് പ്രഖ്യാപനം നടത്തിയത്. ഇതിന്റെ അനുസ്മരണമായാണ് ഈ ദിവസം റവന്യൂ ദിനമായി ആചരിച്ചു വരുന്നത്.
 

date