ജില്ലയിലെ സോളാര്‍ പദ്ധതികള്‍ സാക്ഷാത്കരിക്കപ്പെടണം; ജില്ലാവികസനസമിതി
സോളാര്‍ പദ്ധതി ഉപേക്ഷിക്കുവാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ജില്ലാ വികസന സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ നേരത്തെ നിര്‍ദ്ദേശിക്കപ്പെട്ട സോളാര്‍ പദ്ധതികള്‍ സാക്ഷാത്ക്കരിക്കപ്പെടണം. ഇക്കാര്യത്തില്‍ നിലവിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച നടത്താവുന്നതാണ്. യോഗത്തില്‍ എന്‍.എ.നെല്ലിക്കുന്ന് അവതരിപ്പിച്ച പ്രമേയത്തില്‍ കാസറഗോഡ് ജില്ലയില്‍ 200 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് 1086 ഏക്കര്‍ സ്ഥലം അനുവദിക്കുകയും അഡ്വാന്‍സ് പൊസഷന്‍ നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തതായി വ്യക്തമാക്കി. ഇതേതുടര്‍ന്ന് 50 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പദ്ധതി അമ്പലത്തറ വില്ലേജില്‍ വെള്ളുട എന്ന സ്ഥലത്ത് പൂര്‍ത്തീകരിച്ചു. അവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിയുടെ ശ്രൃംഖലയിലേക്കു എടുത്തുവരുന്നു. ശേഷിക്കുന്ന 150 മെഗാവാട്ട് സോളാര്‍ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കാത്തവിധം മുമ്പ് അനുവദിച്ച സര്‍ക്കാര്‍ ഭൂമി കെ.എസ്.ഇ.ബിയില്‍ നിന്ന് തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായറിയുന്നു. ഇത് ജില്ലയ്ക്ക് തിരിച്ചടിയാണ്. 200 മെഗാവാട്ട് വൈദ്യുതി ഉല്പാദനം മുന്നില്‍ക്കണ്ട് വിഭാവനം ചെയ്ത ട്രാന്‍സ്ഗ്രിഡ്-2 പ്രസരണശ്രൃംഖല ശേഷി വര്‍ദ്ധിപ്പിക്കാനുള്ള 9000 കോടി രൂപയുടെ പദ്ധതിയാണ് ഭൂമി തിരിച്ചെടുക്കുന്നതിലൂടെ ഇല്ലാതാകുന്നത്. ചീമേനിയില്‍ സ്ഥാപിക്കാനുദ്ദേശിച്ച 400 കെ.വി. സബ്‌സ്റ്റേഷന്‍, ഉടുപ്പിയില്‍ നിന്ന് ചീമേനിയിലേക്കുള്ള 400 കെ.വി.ലൈന്‍ എന്നീ പ്രവൃത്തികളും നിലയ്ക്കുന്ന സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. കര്‍ണ്ണാടകയിലെ ഉഡുപ്പിക്കടുത്ത് വരാന്‍ പോകുന്ന താപനിലയത്തില്‍ നിന്നുള്ള വൈദ്യുതി കേരളത്തിലേക്കു എത്തിക്കാന്‍ ഉതകുന്നതാണ് 400 കെ.വി.ലൈന്‍. ആയതിനാല്‍ ഭൂമി തിരിച്ചെടുക്കാനുള്ള തീരുമാനം റദ്ദ് ചെയ്തു കാസര്‍കോട് ജില്ലയെ വെളിച്ചത്തിലേക്കു നയിക്കാന്‍ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. പി.ബി.അബ്ദുറസാഖ് എം.എല്‍.എ ആയിരുന്നു പ്രമേയത്തിന്റെ അനുവാദകന്‍. ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കുടിവെളള പ്രശ്‌നം, ഗതാഗത തടസ്സങ്ങള്‍, ദേശീയപാത അലൈന്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ഉചിതമായ പരിഹാര നടപടിക്കും യോഗം തീരുമാനിച്ചു.
ചെറുവത്തൂര്‍-കയ്യൂര്‍ റോഡില്‍ കൊത്തങ്കര വളവില്‍ വാഹനാപകട സാധ്യത കണക്കിലെടുത്ത് വേലി നിര്‍മ്മിക്കുന്നതിനായി 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എം രാജഗോപാലന്‍ എംഎല്‍എയുടെ ആവശ്യം പരിഗണിച്ചു. തുക എത്രയും വേഗം അനുവദിക്കാന്‍ നടപടിയുണ്ടാകണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ പറഞ്ഞു. കാസര്‍കോട് -കാഞ്ഞങ്ങാട് റൂട്ടില്‍ നോണ്‍സ്റ്റോപ് ബസുകള്‍ ചന്ദ്രഗിരിപാലം വഴി സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യം സര്‍വ്വീസ് യോഗ്യമായ ബസുകള്‍ ലഭിക്കുന്ന മുറയ്ക്ക് വൈകാതെ ആരംഭിക്കുമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കോടോം-ബേളൂര്‍ പഞ്ചായത്തില്‍ കുടിവെളള പദ്ധതി പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുന്നതിന് നടപടിയായിട്ടുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്ന വിഷയത്തില്‍ ജനങ്ങള്‍ക്കുളള ആശങ്കകള്‍ പരിഹരിക്കുന്നതിന് ഈ മാസം 28 ന് ബന്ധപ്പെട്ട നഗരസഭാ ചെയര്‍മാന്‍മാര്‍, ഗ്രമാപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം കളക്ടറുടെ ചേമ്പറില്‍ ചേരാനും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ വിവിധ വകുപ്പുകളുടെ ജനുവരി മാസത്തെ പദ്ധതി പുരോഗതി യോഗം അവലോകനം ചെയ്തു. എംഎല്‍എ അസെറ്റ് ഡവലപ്പ്‌മെന്റ് സ്‌കീം പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ മാരായ എന്‍എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍ റസാഖ് എന്നിവരും പങ്കെടുത്തു. എഡിഎം എന്‍ ദേവിദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പങ്കെടുത്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് പദ്ധതി അവതരണം നടത്തി.
- Log in to post comments