ആദിവാസിക്ഷേമ പദ്ധതികള്‍ വിട്ടുവീഴ്ച ഇല്ലാതെ നടപ്പാക്കണം: ജില്ലാ വികസന സമിതി
ആദിവാസിക്ഷേമ പദ്ധതികള്‍ ഗവണ്‍മെന്റിന്റെ ഏറ്റവും മുന്‍ഗണനാ മേഖലയാണെന്നും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അവ നടപ്പാക്കണമെന്നും കളക്ട്‌റ്റേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. നിസാരമായ തടസവാദങ്ങളുന്നിയിച്ചും മറ്റും പദ്ധതി നടത്തിപ്പ് മരവിപ്പിക്കാന്‍ അനുവദിക്കില്ല. തടസങ്ങളുണ്ടായാല്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും പദ്ധതി അപ്പാടെ നിന്നുപോകുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗത്തില്‍ അധ്യക്ഷതവഹിച്ച എ.ഡി.എം പി.ജി രാധാകൃഷ്ണന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ആദിവാസി വിഭാഗങ്ങളിലെ ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തവരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുന്നതിന് എല്ലാ എസ്.റ്റി പ്രൊമോട്ടര്‍മാര്‍ക്കും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ വഴി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രണ്ട് മാസത്തിനുള്ളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കുമെന്നും ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ യോഗത്തെ അറിയിച്ചു.
പൈനാവ് പ്രീമെട്രിക് ഹോസ്റ്റലിന്റെ പണികള്‍ കഴിവതും വേഗം പൂര്‍ത്തിയാക്കാന്‍ നടപടി തുടങ്ങിയതായി പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. പാറമട-ചെറുതോണി റോഡ് മെയിന്റനന്‍സ് നടത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ തകര്‍ന്ന പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെട്ടിട്ടുണ്ടെന്നും കേടുപാടുകള്‍ ഉടന്‍ തീര്‍ക്കാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയതായി യോഗത്തെ പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
പ്ലാന്‍ ഫണ്ട് വിനിയോഗത്തില്‍ എല്ലാ വകുപ്പുകളും കൂടുതല്‍ കാര്യക്ഷമത കാട്ടണം എന്നും യോഗം നിര്‍ദേശിച്ചു. ഫണ്ട് ചെലവഴിക്കുന്ന കാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്ന വകുപ്പുകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാട്ടണം. യോഗത്തില്‍ ജനപ്രതിനിധികള്‍,ജില്ലാ പ്ലാനിങ് ഓഫീസര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments