Skip to main content

ലോക പരിസ്ഥിതി ദിനാചരണം:  ജില്ലാതല വൃക്ഷത്തൈ വിതരണവും നടീലും  റാന്നിയില്‍ നടന്നു

 

 

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല വൃക്ഷത്തൈ വിതരണവും നടീലും റാന്നി ഐത്തല പള്ളിക്കടവില്‍ രാജു എബ്രഹാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. വനം, കൃഷി വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉല്‍പാദിപ്പിച്ച വൃക്ഷ തൈകളുടെ വിതരണവും തൈനടീലും നടന്നു. 

ജില്ലയിലെ പുഴയോരങ്ങളില്‍ ഒരു ലക്ഷം മുളം തൈകള്‍ വച്ചുപിടിപ്പിച്ചു സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാജു എബ്രഹാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി ,റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് എന്നിവര്‍ ഐത്തല പളളിക്കടവില്‍ മുളം തൈകള്‍ നട്ടു. നാടിനെ ഹരിതാഭമാക്കാന്‍ മുഴുവന്‍ ജനങ്ങളുടെയും സഹകരണവും പങ്കാളിത്തവും അഭ്യര്‍ത്ഥിക്കുന്നതായി രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു.

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പുഴയോരങ്ങളില്‍ വനം വകുപ്പ് ഉല്‍പ്പാദിപ്പിച്ച ഒരു ലക്ഷം മുളം തൈകളാണു നട്ടുപിടിപ്പിക്കുന്നത്. കൃഷി, വനം, ക്ഷീരവികസനം, തദ്ദേശ സ്വയംഭരണം, യുവജനക്ഷേമം, വിദ്യാഭ്യാസം, റവന്യൂ, സഹകരണം തുടങ്ങിയ വകുപ്പുകളും കെ.എസ്.ഇ.ബി, പി.സി.കെ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളും ചേര്‍ന്നാണു ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തൈവിതരണവും നടീലും നടത്തിയത്. സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയായ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കൃഷി വകുപ്പ് ഉല്‍പ്പാദിപ്പിച്ചതും സംഭരിച്ചതുമായ 4.84 ലക്ഷത്തോളം ഫല വൃക്ഷതൈകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉല്‍പ്പാദിപ്പിച്ച വൃക്ഷതൈകളുമാണു വിതരണം ചെയ്യുന്നതും നടുന്നതും. 

തരിശുനിലത്ത് ഫലവൃക്ഷതൈകള്‍ നടുന്നതിന്റെ ഭാഗമായി റാന്നി ഐത്തല സെന്റ് കുരിയാക്കോസ് പളളി പരിസരത്ത് രാജു എബ്രഹാം എം.എല്‍.എ കുടംപുളി തൈ നട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി നടന്ന ലളിതമായ ചടങ്ങില്‍ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിസുരേഷ്, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പൊന്നിതോമസ്, ഗ്രാമപഞ്ചായത്തംഗം ബോബി എബ്രഹാം, റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.ഉണ്ണികൃഷ്ണന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, 

പത്തനംതിട്ട സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.ബി സുഭാഷ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ അനില മാത്യു, മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.ഹരി, സോഷ്യല്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഹിലാല്‍ ബാബു, റാന്നി ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date