Skip to main content

പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം:  വീണാ ജോര്‍ജ് എം.എല്‍.എ

 

പരിസ്ഥിതി സംരക്ഷണം നാമോരുരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട റിങ് റോഡിന്റെ വശങ്ങളില്‍ വൃക്ഷത്തൈ നട്ട് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എം.എല്‍.എ.

പരിസ്ഥിതി സംരക്ഷണം ഉത്തരവാദിത്വമായി ഏറ്റെടുത്ത് എല്ലാവരും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാകണം. മണ്ഡലത്തിലെ എല്ലാ വീടുകളിലും ഒരു ഫലവൃക്ഷതൈ എങ്കിലും എത്തിക്കും. മനുഷ്യനു ഭൂമിയോടും പ്രകൃതിയോടും വലിയ ഉത്തരവാദിത്വമുണ്ട്. നാം പലപ്പോഴും അശ്രദ്ധയോടെ ഭൂമിക്കും പ്രകൃതിക്കും വിരുദ്ധമായി പ്രവര്‍ത്തിക്കാറുണ്ട്. അത്തരം അശ്രദ്ധകള്‍ക്ക് തിരുത്ത് അനിവാര്യമാണ്. ആ തിരുത്തലാണ് നാം ഓരോ ദിവസവും ചെയ്യേണ്ടതെന്നും എം.എല്‍.എ പറഞ്ഞു. 

മരം മുറിക്കുന്നതിനും മരം നടുന്നതിനും തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജ്ജസ്വലതയോടെ നില്‍ക്കുന്ന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരെ എം.എല്‍.എ അഭിനന്ദിച്ചു.  ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്,  ജില്ലാ ഫയര്‍ ഓഫീസര്‍ വിനോദ് കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.ബി.സുഭാഷ് എന്നിവര്‍ വൃക്ഷത്തൈകള്‍ നട്ടു. ക്ലീന്‍ കേരളാ കമ്പനി ജില്ലാ മാനേജര്‍ ദിലീപ് കുമാര്‍, ദിശ സെക്രട്ടറി ഷാന്‍ രമേശ് ഗോപന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍, ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, യംഗ് പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date