Skip to main content

പച്ചത്തുരുത്തും ജൈവവൈവിധ്യവും  ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് ഇന്ന് (5)

 

പ്രകൃതി പുനസ്ഥാപന പ്രക്രിയയില്‍ ഹരിതകേരളം മിഷന്റെ ഫലപ്രദമായ ഇടപെടലായി മാറിയ പച്ചത്തുരുത്തുകളും ജൈവവൈവിധ്യവും വിഷയമാക്കി ലോക പരിസ്ഥിതി ദിനത്തില്‍ ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന് (5) രാവിലെ 10.30 മുതല്‍ 12 വരെയാണ് പരിപാടി. പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞരായ പ്രൊഫ.ഇ.കുഞ്ഞിക്കൃഷ്ണന്‍,  ഡോ.എന്‍.മോഹനന്‍, ഡോ.ടി.എസ്.പ്രീത എന്നിവരും ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ, കൃഷി ഉപവിഭാഗം കണ്‍സള്‍ട്ടന്റ് എസ്.യു.സഞ്ജീവ്, ടെക്നിക്കല്‍ ഓഫീസര്‍ വി.വി.ഹരിപ്രിയാദേവി എന്നിവരും പങ്കെടുക്കും.

സംസ്ഥാനത്ത് ഒരു വര്‍ഷമായി ഹരിതകേരളം മിഷന്‍ നടപ്പാക്കി വരുന്ന പച്ചത്തുരുത്ത് സംരംഭം ജൂണ്‍ മാസത്തില്‍ ആയിരം എണ്ണം പൂര്‍ത്തിയാക്കുന്ന രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നതെന്ന് ഡോ.ടി.എന്‍.സീമ അറിയിച്ചു. പച്ചത്തുരുത്തുകളെ സംബന്ധിച്ചും ജൈവവൈവിധ്യത്തെ സംബന്ധിച്ചും പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും സംശയ നിവാരണവും ലൈവില്‍ പങ്കെടുക്കുന്നവര്‍ നല്‍കും. facebook.com/harithakeralamission പേജ് സന്ദര്‍ശിച്ച് ലൈവ് കാണാവുന്നതാണ്. തരിശു ഭൂമിയില്‍ ജൈവവൈവിധ്യത്തിന്റെ പച്ചപ്പൊരുക്കാനുള്ള ഹരിത കേരളം മിഷന്റെ നൂതനാശയമാണ് പച്ചത്തുരുത്ത് പദ്ധതി. പൊതുസ്ഥലങ്ങളിലുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളെല്ലാം പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങളാണ്.                         

 

date