Skip to main content

ലോക്ക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്,  രോഗവ്യാപനത്തിനെതിരെ ജാഗരൂഗരാകുക: ജില്ലാപോലീസ് മേധാവി 

 

  ജില്ലയില്‍ കോവിഡ് ബാധ ആശങ്കപ്പെടുത്തുന്നതരത്തില്‍ വര്‍ധിക്കുന്ന സ്ഥിതി കണക്കിലെടുത്ത് കനത്ത ജാഗ്രത വേണമെന്നും, ലോക്ക്ഡൗണ്‍ ഇളവുകള്‍ ആരും ദുരുപയോഗം ചെയ്യരുതെന്നും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ നിര്‍ദേശിച്ചു. കര്‍ശന വ്യവസ്ഥകളോടെ ഈമാസം എട്ടു മുതല്‍ ആരാധനാലയങ്ങള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ഷോപ്പിംഗ് മാള്‍ എന്നിവ തുറക്കാന്‍ അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗരേഖ പാലിക്കപ്പെടണം. 10 വയസിനു താഴെ, 65 വയസിനു മുകളിലുള്ളവരും മറ്റ് രോഗങ്ങളുള്ളവരും വീടുകളില്‍ത്തന്നെ കഴിയണം. മാസ്‌ക്, സാമൂഹ്യ അകലം തുടങ്ങിയ ശുചിത്വമാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കപ്പെടുന്നതായി പോലീസ് ഉറപ്പാക്കും. ജൂണ്‍  എട്ടു മുതല്‍ തുറക്കാന്‍ അനുവദിക്കപ്പെട്ട ഇടങ്ങളില്‍ നിര്‍ദിഷ്ട വ്യവസ്ഥകള്‍ അനുസരിക്കപ്പെടുന്നുണ്ടോ എന്നതും പോലീസ് ഉറപ്പുവരുത്തും. 

   വരുംദിവസങ്ങളില്‍ രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ആരോഗ്യപ്രവര്‍ത്തകരുടെയും, പോലീസിന്റെയും മറ്റും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും, നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. ബസുകളില്‍ ആളുകളെ നിര്‍ത്തികൊണ്ടുപോകുന്നതും, നിബന്ധനകള്‍ പാലിക്കാതിരിക്കുന്നതും ശ്രദ്ധയില്‍പെട്ടാല്‍ പെര്‍മിറ്റ് റദ്ദു ചെയ്യുന്നതിന് ശുപാര്‍ശ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. മറ്റ് വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റുന്നതും, മാസ്‌ക് ധരിക്കാതിരിക്കുന്നതും നിയമനടപടികള്‍ക്ക് വിധേയമാക്കുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി. മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ (4) 75 പേര്‍ക്ക് നോട്ടീസ് നല്‍കി.

 

date