Skip to main content
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫല വൃക്ഷ തൈ വിതരണത്തിന്റെ ജില്ലാതല ഉത്ഘാടനം കൊടുങ്ങല്ലൂർ എസ് എൻ പുരത്ത് മന്ത്രി എ സി മൊയ്തീൻ  നിർവഹിക്കുന്നു

സുഭിക്ഷ കേരളം പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കം; പെരുംതോടിന്റെ കരകളിൽ ഇനി ഫലവൃക്ഷത്തൈകൾ തളിരിടും

സുഭിക്ഷ കേരളം പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി. സംസ്ഥാനത്ത് ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുന്ന ഏറ്റവും വലിയ തോടായ വലിയതോട്-പെരുംതോടിന്റെ ഇരുകരകളിലും ഫലവൃക്ഷത്തൈകൾ നട്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ജൂൺ 5 മുതൽ നടുന്ന ഒരു കോടി തൈകൾക്കൊപ്പം, പെരുമഴയെ സാക്ഷിയാക്കിയാണ് പെരുംതോടിന്റെ കരകളിലും വൃക്ഷ തൈകൾ മണ്ണിലാഴ്ന്നത്.
പെരിഞ്ഞനം പഞ്ചായത്ത് മുതൽ എറിയാട് പഞ്ചായത്ത് വരെ പെരുംതോടിന്റെ 35 കിലോമീറ്റർ ദൂരത്ത് ഇരുകരകളിലും 7000 ഇനം ഫലവൃക്ഷത്തെകളാണ് വച്ചുപിടിപ്പിക്കുന്നത്. വനംവകുപ്പാണ് തൈകൾ നൽകിയത്. തോടിന്റെ ഇരുവശങ്ങളിലും 5 മീറ്റർ ദൂരം ഇടവിട്ട് പേര, റംബൂട്ടാൻ, സീതപ്പഴം, ചാമ്പ, മാതളം, ഞാവൽ, നെല്ലി, നാരകം, പ്ലാവ്, ഇലഞ്ഞി, പുളി, വുഡ് ആപ്പിൾ, പീനട്ട് ബട്ടർ തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് വച്ചു പിടിപ്പിക്കുന്നത്. ഒരാൾ 5 മീറ്റർ അകലത്തിൽ 5 തൈകൾ നടുന്നത് കൊണ്ട് സാമൂഹിക അകലം പാലിക്കാനും സാധിക്കും.
ഓരോ പഞ്ചായത്തുകളിലൂടെയും ഒഴുകുന്ന തോടിന്റെ സ്ഥലവിസ്തീർണ്ണം അനുസരിച്ചാണ് അതാത് പഞ്ചായത്തുകളിലേയ്ക്ക് നൽകുന്ന തൈകളുടെ എണ്ണം നിശ്ചയിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽനോട്ടത്തിലാണ് നടീൽ. ഫലവൃക്ഷത്തൈകളുടെ സംരക്ഷണം ഇവർക്കായിരിക്കും. മൂന്ന് വർഷം ഇവയെ പരിചരിച്ച് സംരക്ഷിക്കണമെന്നാണ് കരാർ. ഇതുവഴി കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും സാധിക്കും. സുഭിക്ഷ കേരളം പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത്. രണ്ടാംഘട്ടത്തിൽ കൂർക്ക, മഞ്ഞൾ, ഇഞ്ചി എന്നിവ കൃഷി ചെയ്യാനാണ് പദ്ധതി. കൃഷിവകുപ്പ്, വനംവകുപ്പ്, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡ് 19 സാഹചര്യത്തിൽ ഭക്ഷ്യ ഉത്പാദനത്തിൽ സ്വയംപര്യാപ്തതയ്ക്കായി ആവിഷ്‌ക്കരിച്ച സുഭിക്ഷ കേരളം പദ്ധതി ഓരോ ജില്ലയിലും ലഭ്യമാകുന്ന മുഴുവൻ കൃഷിഭൂമിയിലും കൃഷി ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്.

ഇ ടി ടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം പി, ജില്ലാ കലക്ടർ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, കുടുംബശ്രീ ജില്ലമിഷൻ കോ - ഓർഡിനേറ്റർ ജ്യോതിഷ് കുമാർ, കൃഷി വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date