Skip to main content
 തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല സർവകക്ഷിയോഗത്തിൽ, ചാലക്കുടി അപ്പോളോ ടയേഴ്‌സ് നൽകുന്ന 100 ടെലിവിഷൻ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഏറ്റുവാങ്ങുന്നു

ഇല്ലാത്തവരെ കണ്ടെത്തി ടെലിവിഷൻ കൊടുക്കും: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

വീടുകളിൽ ടെലിവിഷൻ ഇല്ലാത്തവരെ കണ്ടെത്തി ടെലിവിഷൻ കൊടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. 30,000 ടി.വി നൽകാമെന്ന് കെ.എസ്.എഫ്.ഇ അറിയിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകൾ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ടെലിവിഷൻ ഇല്ലാത്തവർക്ക് നൽകാനായി സഹകരണ വകുപ്പ് പ്രത്യേക ഉത്തരവ് തന്നെ ഇറക്കി. ടി.വി. നൽകാനായി വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സ്ഥാപനങ്ങളും രംഗത്തുവന്നിട്ടുണ്ട്. ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളും നടക്കുന്നു. വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തിൽ ഒരുമിച്ച് പ്രവർത്തിക്കുകയാണ്. ടെലിവിഷൻ വാങ്ങാനായി കെ.എസ്.എഫ്.ഇ 15,000 രൂപ വരെ വായ്പ നൽകും. ചിലയിടത്ത് വൈദ്യുതി എത്താത്ത പ്രശ്നമുണ്ട്. അത് തദ്ദേശ സ്ഥാപനങ്ങൾ പരിഹരിക്കണം. തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല സർവകക്ഷിയോഗത്തിൽ, ചാലക്കുടി അപ്പോളോ ടയേഴ്സ് നൽകുന്ന 100 ടെലിവിഷൻ മന്ത്രി ഏറ്റുവാങ്ങി.
സംസ്ഥാനത്ത് എല്ലാ ഡി.ടി.എച്ച് ശൃംഖലകളും വ്യാഴാഴ്ച മുതൽ തന്നെ വിക്ടേഴ്സ് ചാനൽ കാണിക്കാൻ തുടങ്ങിയതായി മന്ത്രി അറിയിച്ചു. എയർടെല്ലും സൺ ഡയറക്ടും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വിക്ടേഴ്സ് ചാനൽ സൗജന്യമായി ലഭ്യമാക്കുമെന്ന് കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷനും കേരള വിഷൻ ചാനലും അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. ഇതോടെ വിക്ടേഴ്സ് ചാനലിലൂടെയുള്ള ഓൺലൈൻ ക്ലാസ് കിട്ടാത്ത കുട്ടികളിൽ വലിയൊരു വിഭാഗത്തിന്റെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു. ഓൺലൈൻ ക്ലാസുകൾ ബദൽ സംവിധാനമാണെന്നും അധ്യാപകനും ക്ലാസ് മുറിയും തന്നെയാണ് ശരിയെന്നും മന്ത്രി പറഞ്ഞു.

date