Skip to main content
 തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല സർവകക്ഷിയോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ സംസാരിക്കുന്നു

കോവിഡ്, കാലവർഷ മുന്നൊരുക്കം: സർവകക്ഷിയോഗം ചേർന്നു

കോവിഡ് 19 പ്രതിരോധവും കാലവർഷ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സർവകക്ഷിയോഗം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്നു. കോവിഡ് ക്വാറൻൈറനിൽ ഇരിക്കുന്നവർ പുറത്തിറങ്ങുന്നത് ഗൗരവതരമായ പ്രശ്നമാണെന്ന് മന്ത്രി പറഞ്ഞു. ക്വാറൻൈറൻ ലംഘിച്ചാൽ കർശന നടപടിയുണ്ടാവും. ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും വരുന്നവർ വിവരം കൃത്യമായി ജില്ലാ ഭരണകൂടത്തെ അറിയിക്കണം. അല്ലെങ്കിൽ നിരീക്ഷണ സംവിധാനം പാളും. ലോക്ഡൗൺ ഇളവുകൾ ജീവിതം സ്തംഭിക്കാതെ മുന്നോട്ടുപോകാനാണ്. അത് അനിയന്ത്രിതമായാൽ അപകടകരമായ സാഹചര്യത്തിലേക്ക് പോവും. 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ പുറത്തിറങ്ങരുത്. കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച 11ൽ ഏഴ് പേരും 60 വയസ്സിന് മുകളിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു.
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ചാലക്കുടി പുഴയിലെ എല്ലാ മരങ്ങളും നീക്കിയിട്ടുണ്ട്. വന്നടിഞ്ഞ എക്കലും ചെളിയും നീക്കി. മഴ കനത്താൽ അടിയന്തിരമായി കോൾ പാടങ്ങളിലെ ബണ്ടുകൾ പൊളിക്കും. വെള്ളക്കെട്ട് ഒഴിവാക്കാൻ കാര്യമായ പരിശ്രമം നടത്തിയിട്ടുണ്ട്. ലോക്ഡൗൺ റോഡ് പണികളെ ബാധിച്ചെങ്കിലും എല്ലാ റോഡുകളുടെയും പ്രവൃത്തിക്ക് പണം നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, സിറ്റി പോലീസ് കമീഷണർ ആർ. ആദിത്യ, റൂറൽ ജില്ലാ പോലീസ് മേധാവി ആർ. ആദിത്യ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ഡി.സി.സി വൈസ് പ്രസിഡൻറ് ഐ.പി. പോൾ, അഡ്വ. സുമേഷ് കെ.ബി (സി.പി.ഐ), കോൺഗ്രസ് എസ്. ജില്ലാ പ്രസിഡൻറ് സി.ആർ. വസന്തൻ, കേരള കോൺഗ്രസ് എം. ജില്ലാ വൈസ് പ്രസിഡൻറ് ജോൺസൺ കാഞ്ഞിരത്തിങ്കൽ, ജോസഫ് കുര്യൻ (ആർ.എസ്.പി), കെ.കെ. വസന്തൻ ചിയ്യാരം (കേരള കോൺഗ്രസ് ജേക്കബ്), തുടങ്ങിയവർ സംബന്ധിച്ചു.

date