Skip to main content

മലയോര മേഖലയിൽ 5.15 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ

പുത്തൂർ മലയോര മേഖലയിൽ 5 കോടി 15 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ നിർവഹിച്ചു. പുത്തൻകാടിലെ കലുങ്കിന്റെയും പാർശ്വ സംരക്ഷണ ഭിത്തിയുടെയും പുനർ നിർമ്മാണം, ഒരുകോടി അമ്പത് ലക്ഷം രൂപ ചിലവിൽ എട്ടാംകല്ല് പ്രദേശത്ത് നിർമിച്ച റോഡിന്റെ സംരക്ഷണ ഭിത്തി എന്നിവ പൂർത്തിയാക്കി. ഈ രണ്ട് പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ഗവ ചീഫ് വിപ്പ് കെ രാജൻ നിർവ്വഹിച്ചു. പുത്തൂർ ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ജി ഷാജി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ഓമന, പഞ്ചായത്ത് മെമ്പർമാരായ ശിവൻ, ഗോപി, രമേഷ്, റെജി, രാഷ്ട്രീയ പാർട്ടി നേതാക്കളായ പി എസ് ബാബു, ടി എസ് മുരളിധരൻ, പി എസ് അഖിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ നവീൻ, ബെയ്‌സിൽ എന്നിവർ സന്നിഹിതരായിരുന്നു.
പ്രളയത്തിൽ തകർന്ന പുത്തൂർ ഗ്രാമ പഞ്ചായത്തിലെ എട്ടാം കല്ല് കനാൽബണ്ട് പുനർ നിർമ്മാണം നടത്തുന്നതിന് രണ്ടു കോടി തൊണ്ണൂറു ലക്ഷം രൂപയുടെ ഭരണാനുമതി സംസ്ഥാന ആസൂത്രണ -സാമ്പത്തിക കാര്യ വകുപ്പിൽ നിന്ന് ലഭിച്ചതായി ഗവ. ചീഫ് വിപ്പ് കെ രാജൻ അറിയിച്ചു. പീച്ചി ഇടതുകര മെയിൻ കനാലിന്റെ എട്ടാം കല്ല് ഭാഗത്ത് ഒരു കിലോമീറ്റർ ദൂരത്തിലുള്ള ബണ്ട് കഴിഞ്ഞ പ്രളയത്തിൽ പൂർണമായി തകർന്നിരുന്നു. തുടർന്ന് ചീഫ്വിപ്പിന്റെ അടിയന്തരമായ ഇടപെടലിനെ തുടർന്ന് ബണ്ട് താത്കാലികമായി പുനർനിർമ്മിച്ചിരുന്നു. ഈ ബണ്ട് പുനർനിർമ്മിക്കുന്നതിനാണ് ഇപ്പോൾ രണ്ട് കോടി തൊണ്ണൂറു ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ജല വിഭവ വകുപ്പിനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിട്ടുള്ളത് എന്ന് ചീഫ്വിപ്പ് കെ രാജൻ അറിയിച്ചു

date