Skip to main content

ജില്ലയില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക്  1602 അതിഥി തൊഴിലാളികള്‍കൂടി യാത്രയായി 

തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും ജൂണ്‍ 5 ന് രാത്രി 8 ന് പുറപ്പെട്ട പശ്ചിമ ബംഗാള്‍ സ്പെഷല്‍ ട്രെയിനില്‍ നാട്ടിലേക്ക് 1602 അതിഥി തൊഴിലാളികള്‍കൂടി മടങ്ങി. പശ്ചിമ ബംഗാളിലെ ന്യൂ കൂച്ച് ബഹാര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ട്രെയിനില്‍ ജില്ലയിലെ മൂന്നു താലൂക്കുകളില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണു മടങ്ങിയത്. ഇതോടെ ജില്ലയില്‍ നിന്നും 4634 അതിഥി തൊഴിലാളികളാണു പശ്ചിമ ബംഗാളിലേക്ക് യാത്രയായത്.
കോഴഞ്ചേരി താലൂക്കില്‍ നിന്ന് 385, അടൂര്‍ താലൂക്കില്‍ നിന്ന് 600, തിരുവല്ല താലൂക്കില്‍ നിന്ന് 617 അതിഥി തൊഴിലാളികളാണു നാട്ടിലേക്കു മടങ്ങിയത്. 32 ബസുകളിലായിട്ടാണ് ഇവരെ തിരുവല്ല സ്റ്റേഷനില്‍ എത്തിച്ചത്. ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ, ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് അതിഥി തൊഴിലാളികളെ നാട്ടിലേക്കു മടക്കി അയച്ചത്.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലാളികള്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും നല്‍കി. ചപ്പാത്തി, അച്ചാര്‍, ബ്രഡ്, ഏത്തപ്പഴം, വെള്ളം എന്നിവ അടങ്ങിയ സൗജന്യ ഭക്ഷണ കിറ്റും ഇവര്‍ക്ക് കൈമാറി.  
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, തിരുവല്ല തഹസില്‍ദാര്‍ പി.ജോണ്‍ വര്‍ഗീസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി ഡി.എല്‍.ഒ, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഇവരെ യാത്രയാക്കി.
 

 

 

date