Skip to main content

ജില്ലാ ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കും: മന്ത്രി എ.കെ ബാലന്‍

ജില്ലാ ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കും: മന്ത്രി എ.കെ ബാലന്‍

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയെ പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ലിനിക്കല്‍ വിഭാഗം സഹകരണ ആശുപത്രിയിലേക്കും ഒ.പി സൗകര്യം പാലക്കാട് ഗവ.മെഡിക്കല്‍ കോളേജിലേക്കും മാറ്റാനാണ് തീരുമാനം. നെഫ്രോളജി, ഓങ്കോളജി, കാര്‍ഡിയോളജി തുടങ്ങിയ വിഭാഗങ്ങള്‍ ജില്ലാ ആശുപത്രിയില്‍ തന്നെ നിലനില്‍ത്തും. ഇതുമൂലം മറ്റു രോഗികളുടെ വരവ് ജില്ലാ ആശുപത്രിയില്‍ കുറയുകയും സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം ഒഴിവാകുമെന്നും മന്ത്രി അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി സംബന്ധിച്ചു.

ജില്ലയില്‍ കോവിഡ് 19 പരിശോധന കൂടുതല്‍ കാര്യക്ഷമവും വേഗത്തിലുമാക്കാന്‍ പാലക്കാട് ഗവ.മെഡിക്കല്‍ കോളെജില്‍ ആര്‍.ടി.പി.സി.ആര്‍ മെഷ്യന്‍ എത്തിയതായും അടുത്ത ആഴ്ച തന്നെ ഉദ്ഘാടനം നടക്കുമെന്നും മന്ത്രി എ കെ ബാലന്‍ അറിയിച്ചു. ഈ സംവിധാനം നടപ്പിലാകുന്നതോടെ നിലവിലെ  പരിശോധനഫലങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ലഭിക്കുന്നില്ലെന്ന ആശങ്കയും പരിശോധന സംബന്ധിച്ച മറ്റു പ്രശ്‌നങ്ങളും പരിഹരിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലാ ആശുപത്രിയിലെ ഭക്ഷണവിതരണം സംബന്ധിച്ച പ്രശ്‌നം പരിഹരിച്ചു
മേല്‍നോട്ടത്തിനായി നഴ്‌സിംഗ് സൂപ്രണ്ടിനെയും ഹെഡ് ക്ലര്‍ക്കിനെയും നിയോഗിച്ചു

ജില്ലാ ആശുപത്രിയിലെ കോവിഡ് എം.എം വാര്‍ഡിലെ രോഗികള്‍ ഉയര്‍ത്തിയ ഭക്ഷണവിതരണം സംബന്ധിച്ച ആരോപണം ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് പരിഹരിച്ചതായി മന്ത്രി എ കെ ബാലന്‍ യോഗത്തില്‍ അറിയിച്ചു. ഇതനുസരിച്ച് പ്രഭാതഭക്ഷണം കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നല്‍കും. ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും സന്നദ്ധസംഘടനകളാണ് ലഭ്യമാക്കുന്നത്. ഇതിനുപുറമേ രാവിലത്തെ ചായ ഗസറ്റഡ് ഓഫീസേഴ്‌സ് സംഘടനയും വൈകുന്നേരത്തെ ചായ ജില്ലാശുപത്രി തന്നെയാണ് നല്‍കുന്നത്. ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട മേല്‍നോട്ടം വഹിക്കാന്‍ ഒരു നഴ്‌സിംഗ് സൂപ്രണ്ടിനെയും ഹെഡ് ക്ലര്‍ക്കിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

മാങ്ങോട് കേരള മെഡിക്കല്‍ കോളെജിലെ ഭക്ഷണ വിതരണവും സുഗമമാക്കിയിട്ടുണ്ട്. വ്യക്തികള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്പര്യം ഉണ്ടെങ്കില്‍ ജില്ലാ കലക്ടറെയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും അറിയിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദം; നിലവിലെ ക്ലാസുകള്‍ ട്രയലുകള്‍

ജില്ലയില്‍ 295037 പേര്‍ ഓണ്‍ലൈന്‍ സൗകര്യം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതായി മന്ത്രി അറിയിച്ചു. നിലവില്‍ 11615 പേര്‍ക്കാണ് മതിയായ സൗകര്യം ഇല്ലാത്തത്. ഇതില്‍ 5171  തമിഴ് മീഡിയം വിദ്യാര്‍ഥികളാണുള്ളത്. ഈ പ്രശ്‌നം പരിഹരിക്കുമെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ക്ലാസുകള്‍ ട്രയലുകള്‍ മാത്രമാണ്. ഈ ക്ലാസുകളെല്ലാം യൂട്യൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ മറ്റു ആശങ്കകളുടെ ആവശ്യമില്ല. മെയ് എട്ടിനകം പ്രശ്‌നം പരിഹരിക്കും. ഇതിനായി എസ്.എസ്.കെ വഴി 369 ടിവി ലഭ്യമാക്കാന്‍ നടപടി എടുത്തിട്ടുണ്ട്. വീണ്ടും ആവശ്യമായി വരികയാണെങ്കില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ടി.വി.ബാങ്ക് സംവിധാനത്തെക്കുറിച്ച് ആലോചിക്കും. ടി.വി സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും വീട്ടില്‍ അധികമുള്ള ടി.വി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ടി.വി ഏല്‍പ്പിക്കുന്നതിനുള്ള സംവിധാനമാണ് ടി.വി ബാങ്ക്.  

പട്ടികജാതി -പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം പരിഹരിക്കും.

മതിയായ ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്ത പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പ്രശ്‌നം ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇളവുകള്‍ ഉണ്ടെങ്കിലും പോലീസ് പരിശോധന കര്‍ശനമായി തുടരും

ലോക്ക് ഡൗണ്‍ ഇളവുകള്‍ വര്‍ധിച്ചെങ്കിലും ഹോം ക്വാറന്റൈന്‍ ലംഘനം, മാസ്‌ക് ധരിക്കാതിരിക്കുക എന്നിവ സംബന്ധിച്ച് പോലീസ് പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു. ഇതുവരെ ഹോം ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചതിന് 94 കേസുകള്‍ എടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്ത 4858 പേര്‍ക്കെതിരെയും കേസെടുത്തു. ഇതുകൂടാതെ കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് ആക്ട് പ്രകാരം 7553 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സമൂഹ വ്യാപനം തടയിടാന്‍ വ്യക്തിസമ്പര്‍ക്കം കുറച്ച് ഹോം ക്വാറന്റൈനിന് പ്രാധാന്യം കൊടുക്കണം

ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിച്ചതുകൊണ്ടാണ് കോവിഡ്  രോഗത്തെ ആദ്യ രണ്ടു ഘട്ടങ്ങളിലും ജില്ല ഫലപ്രദമായി നേരിട്ടത്. എന്നാല്‍ മൂന്നാംഘട്ടത്തില്‍ രോഗികള്‍ വര്‍ധിച്ചതിനോടൊപ്പം ലോക്ക് ഡൗണ്‍ ഇളവുകളും ഉണ്ടായിട്ടുണ്ട്. നിലവില്‍ ജില്ലയിലെ 42 പഞ്ചായത്താണ് ഹോട്ട്‌സ്‌പോട്ട് പട്ടികയിലുള്ളത്. ഇതുകൂടാതെ ദിവസേന ഹോട്ട്‌സ്‌പോട്ടുകള്‍ വര്‍ദ്ധിക്കുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു. പ്രാഥമിക സമ്പര്‍ക്കത്തിലൂടെയുള്ള രോഗ സ്ഥിരീകരണം സമൂഹവ്യാപനത്തിന്റെ മുന്നോടിയായാണ് ഉണ്ടാവുക. അതിനാല്‍ ബന്ധപ്പെട്ട വ്യക്തികള്‍ കര്‍ശനമായും ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമേ സമ്പര്‍ക്കത്തിന്റെ ഭാഗമായുള്ള വ്യാപനം കുറയൂ. ഇതില്‍ വിട്ടുവീഴ്ച ഉണ്ടായാല്‍ ജില്ല മുഴുവനും ഹോട്ട്‌സ്‌പോട്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഹോം ക്വാറന്റൈന്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാലെ സമൂഹ വ്യാപനത്തിന് തടയിടാനാകുവെന്നും മന്ത്രി അറിയിച്ചു.

കൃത്യമായ ഇടപ്പെടലിലൂടെ അട്ടപ്പാടി മേഖലയെ സംരക്ഷിച്ചു

കോവിഡ് രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അട്ടപ്പാടിയില്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ മേഖലയെ സംരക്ഷിക്കാന്‍ സാധിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് അതിര്‍ത്തികളിലും മറ്റും കുടുങ്ങിപ്പോയ അട്ടപ്പാടി സ്വദേശികള്‍ക്ക് തിരിച്ചുവരാന്‍ സബ് കലക്ടര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും വീടുകളില്‍ നിരീക്ഷണത്തില്‍ ഇരിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

റേഷന്‍ വിതരണം പൂര്‍ത്തിയായി

ജില്ലയിലെ 748810 റേഷന്‍കാര്‍ഡ് ഉടമകള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ് അടക്കമുള്ള റേഷന്‍ വിതരണം പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിച്ചിട്ടുമുണ്ട്. ജില്ലയിലെ എല്ലാ പട്ടികവര്‍ഗ കോളനികളിലും കൃത്യസമയത്ത് കിറ്റുകള്‍ എത്തിക്കാനായി. നിലവില്‍ ഭക്ഷണ വിതരണം സംബന്ധിച്ച മറ്റു പ്രശ്‌നങ്ങളൊന്നും ജില്ലയില്‍ ഇല്ലെന്നും മന്ത്രി അറിയിച്ചു.

കോവിഡ് പ്രതിരോധത്തിന് ഭരണ-പ്രതിപക്ഷ ഭേദമന്യേ പിന്തുണ

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഭരണ-പ്രതിപക്ഷ ഭേദമന്യേ ഏവരും പിന്തുണ നല്‍കിയതായും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പരിപൂര്‍ണ പിന്തുണ ഉറപ്പുനല്‍കിയതായും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കര്‍ശന നിബന്ധനകളോടെ പൗരജീവിതം മുന്നോട്ട് നയിക്കാന്‍ സമൂഹത്തിന്റെ താഴെത്തട്ടില്‍ ഉള്‍പ്പെടെ നിലവിലെ സാഹചര്യത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കാന്‍ വിവിധ രാഷട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ മുന്നോട്ടിറങ്ങണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

date