Skip to main content

കോവിഡ് 19 പ്രതിരോധ സന്ദേശവുമായി ജില്ലയില്‍ കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കി.

 

കോവിഡ് 19 പ്രതിരോധ സന്ദേശവുമായി പാലക്കാട് പി.എം.ജി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കി. സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സംയുക്തമായാണ് മതില്‍ തീര്‍ത്തത്. കോവിഡ് 19 വൈറസ് നിത്യജീവിതത്തിന്റെ ഭാഗമായ സാഹചര്യത്തില്‍ ഓരോരുത്തരും ഇതിനെതിരേ പ്രതിരോധം തീര്‍ക്കേണ്ടത് അനിവാര്യമാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതായിരുന്നു കാര്‍ട്ടൂണ്‍ മതില്‍. ഒമ്പത് ചിത്രക്കാരന്മാരാണ് കാര്‍ട്ടൂണ്‍ മതില്‍ പൂര്‍ത്തിയാക്കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചും പാലക്കാടിന്റെ തനത് പ്രത്യേകതകള്‍, ഭാഷാശൈലി, ചെമ്പൈ ഭാഗവതര്‍, അദ്ദേഹത്തിന്റ ശിഷ്യനായ യേശുദാസ് എന്നിവരെ ഉള്‍കൊള്ളിച്ചും കുഞ്ചന്‍ നമ്പ്യാര്‍, ഒ.വി. വിജയന്‍ തുടങ്ങിയ സാഹിത്യകാരന്‍മാരുടെ രചനകളിലെ നര്‍മരംഗങ്ങളെ കോര്‍ത്തിണക്കിയുമാണ് കാര്‍ട്ടൂണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 'മലമ്പുഴയിലും വേണം മാസ്‌ക്' തുടങ്ങി പൊതു ഇടങ്ങളില്‍ സോപ്പ്, മാസ്‌ക്, സാനിറ്റെസര്‍, ശാരീരിക അകലം, കരുതല്‍ തുടങ്ങിയവ നിത്യജീവിതത്തിന്റെ ഭാഗമാക്കണമന്ന പൊതുസന്ദേശവും കാര്‍ട്ടൂണിലൂടെ നല്‍കുന്നു.

മെയ് അഞ്ച് ലോക കാര്‍ട്ടൂണ്‍ ദിനത്തോടനുബന്ധിച്ച് 'ബ്രേക്ക് ദ ചെയിന്‍' പ്രചരണാര്‍ത്ഥം എറണാകുളം ജില്ലയിലാണ് ആദ്യമായി കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കിയത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ ഈ ചിത്രക്കാരന്മാര്‍ ബോധവത്ക്കരണം നടത്തി അവസാനമായാണ് പാലക്കാട് ജില്ലയില്‍ എത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി കലാകാരന്‍മാര്‍ക്ക് സാനിറ്റെസറും മാസ്‌കും നല്‍കി കാര്‍ട്ടൂണ്‍ മതില്‍ ഉദ്ഘാടാനം നിര്‍വഹിച്ചു. എസ്.പി. ശിവവിക്രം കാര്‍ട്ടൂണ്‍ മതില്‍ സന്ദശിച്ചു. ജിയോജിത്ത് ഫിനാന്‍സ് കമ്പനി ജില്ലയിലെ വയോജനങ്ങള്‍ക്കായി സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന നല്‍കുന്ന 8000 മാസ്‌കുകളുടെ വിതരണവും പരിപാടിയില്‍ നടന്നു.

കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍, കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍,  കാര്‍ട്ടൂണ്‍ അക്കാദമി ജോയിന്‍ സെക്രട്ടറി ഡാവഞ്ചി സുരേഷ്, ഷമീം അലനെല്ലൂര്‍, ദിന്‍ രാജ്, ടി.എസ്.സന്തോഷ്, സനീഷ് ദിവാകരന്‍, ശാക്കിര്‍ ഇറവക്കാട് തുടങ്ങിയ ചിത്രകാരന്‍മാര്‍ ചേര്‍ന്നാണ് കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കിയത്. കേരള സാമൂഹൃ സുരക്ഷാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ മൂസ പതിയില്‍, വയോമിത്രം കോഡിനേറ്റര്‍മാരായ എം.ബി. ആതിര, കെ.എസ് നിഷാദ്, ജി. ഗാഥ എന്നിവര്‍ കാര്‍ട്ടൂണ്‍ രചനയില്‍ പങ്കെടുത്തു.

date