Skip to main content

അട്ടപ്പാടിയില്‍ ഭക്ഷ്യവനം ഒരുങ്ങുന്നു

 

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സുഭിക്ഷ കേരളം പദ്ധതിയോടനുബന്ധിച്ച് ആദിവാസി മേഖലയില്‍ സംസ്ഥാനത്തെ ആദ്യ ഭക്ഷ്യവനം അട്ടപ്പാടിയില്‍ ഒരുക്കുന്നു. ഊരുകളിലെ മുഴുവന്‍ കുടുംബങ്ങളെയും സഹകരിപ്പിച്ച് പരമാവധി പ്രദേശങ്ങളില്‍ ഫലവൃക്ഷ തൈകള്‍, ഭക്ഷ്യവിളകള്‍, ജൈവ വേലികള്‍ നട്ടുപിടിപ്പിക്കുക വഴി ഭക്ഷ്യസുരക്ഷ, പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണം, സുസ്ഥിര കൃഷിയുടെ പുനരുജ്ജീവനം മണ്ണിന്റെയും സസ്യാവരണത്തിന്റെയും പരിരക്ഷണം എന്നിവയാണ് ഭക്ഷ്യവനത്തിലൂടെ ലക്ഷ്യമിടുന്നത്. ഊരുകളിലെ കൊത്തു കാടുകളിലും, കൃഷിയിടങ്ങളിലും വൈവിധ്യമുളള ഭക്ഷ്യധാന്യങ്ങളായ നെല്ല്, റാഗി, ചാമ, തിന, കമ്പ്, വരഗ്, പച്ചക്കറികള്‍, കിഴങ്ങു വിളകള്‍, സുഗന്ധവിളകള്‍ എന്നിവയും കൃഷി ചെയ്യുന്നു. കൃഷിയിടം ജൈവ വേലികള്‍ കൊണ്ട് സംരക്ഷിക്കുന്നത് ഉള്‍പ്പെടെ ആവശ്യമായ ഭക്ഷ്യ ധാന്യങ്ങള്‍ ഊരില്‍ തന്നെ ഉണ്ടാക്കി സ്വാശ്രയ ഊരുകള്‍ എന്ന ലക്ഷ്യം കൈവരിക്കാനായി ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുക. ഇതിന് പുറമെ ജൂണ്‍ അഞ്ചിനു ഊരുകളില്‍ അയല്‍ക്കൂട്ട അംഗങ്ങളുടെയും മഹിളാ കര്‍ഷകരുടെയും നേതൃത്വത്തില്‍ വിവിധ ഭക്ഷ്യ വിളകളുടെ കൃഷി ആരംഭിക്കും. മൂല്യവര്‍ധന സാധ്യത പ്രയോജനപ്പെടുത്തുന്നതിനായി വിവിധ പരിശീലനങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

date