Skip to main content
ഇ ക്ലാസ് ചാലഞ്ചിന്റെ ഭാഗമായി സ്മാര്‍ട്ട് ടിവി കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷിന് കൈമാറുന്നു

ഇ ക്ലാസ് ചലഞ്ച് ഏറ്റെടുത്ത് നാട്; ഇതുവരെ ലഭിച്ചത് 400 ഓളം ടെലിവിഷനുകള്‍

ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത ഒരു കുട്ടിപോലും ജില്ലയില്‍ ഇല്ലെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇ-ക്ലാസ് ചലഞ്ചില്‍ സഹായ പ്രവാഹം തുടരുന്നു. വീടുകളില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിനായി വിദ്യാര്‍ഥി, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ സഹായം തുടരുകയാണ്. ചലഞ്ചിന്റെ ഭാഗമായി വ്യാഴാഴ്ചയും ടിവി സെറ്റുകള്‍ വിതരണം ചെയ്തു.
പ്ലൈവുഡ് ആന്റ് ബ്ലോക്ക് ബോര്‍ഡ്‌സ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. ടി പി നാരായണന്‍ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ സംഭാവന നല്‍കി. ഇവ നിര്‍ധനരായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് കൈമാറി. അരയ്ക്ക് താഴെ തളര്‍ന്ന കാഞ്ഞിലേരി യുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ദേവതീര്‍ഥ്, സിറ്റി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി സന എന്നിവര്‍ക്കാണ് ഫോണുകള്‍ കൈമാറിയത്. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വാഗ്ദാനം ചെയ്ത ടിവി സെറ്റ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദ് പൃത്തിയില്‍, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ സരിന്‍ ശശി എന്നിവര്‍ ചേര്‍ന്ന് കൈമാറി. ശേഷിക്കുന്നവ പഞ്ചായത്ത് യൂത്ത് കോ- ഓര്‍ഡിനേറ്റര്‍മാര്‍ മുഖാന്തിരം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. 60 ടി വി സെറ്റുകളാണ് കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇതില്‍ ആദ്യത്തെ ടി വി സെറ്റ് ഭാരവാഹികളില്‍ നിന്ന് സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഏറ്റുവാങ്ങി.
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാവുന്ന സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ സൗകര്യങ്ങളില്ലാത്ത ജില്ലയിലെ കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി തുടക്കമിട്ട ഇ ക്ലാസ് ചലഞ്ചിന്റെ ഭാഗമായി 400 ഓളം ടെലിവിഷന്‍ സെറ്റുകളാണ് ഇതുവരെ ലഭിച്ചത്. 10 ടാബ്ലെറ്റുകളും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. സഹായം ആവശ്യമായ എട്ടോളം പേര്‍ക്ക് ഇതുവരെ സമിതിയുടെ നേതൃത്വത്തില്‍ ടിവിയും ഫോണുകളും നേരിട്ട് വിതരണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്നവ ഡിഡിഇ ഓഫീസ് മുഖാന്തിരം വിതരണം ചെയ്യും. ആദ്യഘട്ടത്തില്‍ എസ്എഫ്ഐ 300 ഓളം ടിവി സെറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്നു.
ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍, ടി ടി റംല, അംഗം അജിത്ത് മാട്ടൂല്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി മനോജ്കുമാര്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എന്‍ ബിജോയ്, ഹയര്‍ സെക്കണ്ടറി വിഭാഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി ഒ മുരളീധരന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ സരിന്‍ ശശി തുടങ്ങിയവര്‍ പങ്കെടുത്തു

date