Skip to main content
കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് കലക്ടേറ്റില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി സംസാരിക്കുന്നു.

കോവിഡ് 19 പ്രതിരോധം: നിയോജക മണ്ഡലതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും സര്‍വ്വകക്ഷി യോഗം ചേരും

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ ഓരോ നിയോജകമണ്ഡലതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും സര്‍വകക്ഷി യോഗം ചേര്‍ന്ന് പ്രതിരോധ പരിപാടി ഊര്‍ജിതമാക്കും. ഇടുക്കി കലക്ട്രേറ്റ് ഹാളില്‍ ചേര്‍ന്ന  രാഷ്ട്രീയ പാര്‍ട്ടികളുടെ അവലോകന  യോഗത്തിന്റേതാണ് തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി യോഗം ഉദ്ഘാടനം ചെയ്തു. മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് ആളുകള്‍ എത്തി തുടങ്ങിയതോടെ കോവിഡ് പ്രതിരോധത്തില്‍ വലിയ ഉത്തരവാദിത്വമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നതെന്നും കൂട്ടായ പ്രതിരോധ പ്രവര്‍ത്തനം ഉണ്ടാകണമെന്നും  മന്ത്രി പറഞ്ഞു.

ഏലം ലേലം സംബന്ധിച്ച് ലേലത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വ്യാപാരികള്‍ കോറന്റയിനില്‍ പോകേണ്ടതില്ല എന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ലേലത്തിനെത്തുവാന്‍ തേനി കലക്ടര്‍ ശുപാര്‍ശ ചെയ്ത 437 പേര്‍ക്കും പാസ് നല്കിയിട്ടുണ്ട്.
ലേലത്തില്‍ പങ്കെടുക്കാന്‍  ഇരു സംസ്ഥാനങ്ങളിലേക്കും പോകുന്നവര്‍ക്ക് പ്രത്യേക പാസ് ലഭ്യമാക്കി അനുവാദം നല്കിയിട്ടുണ്ട്.
ഇടുക്കി മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ ഐസിയുവിന്റെ അവസാന ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഡയാലിസിസ് ബ്ലോക്കും ഉടന്‍ പ്രവര്‍ത്തിപ്പിക്കാനാകും. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രത്യേക ഒ.പിയും ഉടന്‍ ആരംഭിക്കും.  ഓണ്‍ലൈന്‍  ക്ലാസുകള്‍ എല്ലാ വിദ്യാര്‍ത്ഥികളിലും എത്തിക്കുന്നത്   സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, ഇ.എസ്.ബിജിമോള്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍, ആര്‍ ഡി ഒ ആന്റണി സ്‌കറിയ, ഡി എം ഒ എന്‍.പ്രിയ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date