Skip to main content

തോട്ടങ്ങളിൽ ഫലവൃക്ഷകൃഷി അനുവദിക്കുന്നത് പരിഗണിക്കും: മുഖ്യമന്ത്രി

*ഓൺലൈൻ വിപണനം പ്രയോജനപ്പെടുത്തും
* പ്രാദേശികതല ലേബർ ബാങ്ക് ആലോചനയിൽ

തോട്ടങ്ങളുടെ അടിസ്ഥാന സ്വഭാവം നിലനിർത്തിക്കൊണ്ട് ഫലവൃക്ഷങ്ങൾ കൃഷി ചെയ്യാൻ അനുവദിക്കുന്നതിന് ബന്ധപ്പെട്ട നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതൊരു നയപരമായ പ്രശ്‌നമാണ്. എൽ.ഡി.എഫ് കൂടി ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. ഈ മാറ്റം വരുത്തിയാൽ കാർഷിക മേഖലയിൽ വലിയ മാറ്റമുണ്ടാകും. കാർഷികോല്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന 'സുഭിക്ഷകേരളം' പദ്ധതിയിൽ തോട്ടം മേഖലക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്.
പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടിൽ' സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് കൃഷിയോടുള്ള താല്പര്യം വർധിച്ചുവരികയാണ്. കാർഷിക സംസ്‌കാരത്തിൻറെ തിരിച്ചുവരവാണിത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത് ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യാനാണ് 'സുഭിക്ഷകേരളം' ആവിഷ്‌കരിച്ചത്.
ഉല്പാദനം വർധിക്കുമ്പോൾ വിപണി വിപുലമാക്കണം. ശാസ്ത്രീയമായ വിപണന സംവിധാനം ഏർപ്പെടുത്തും. ഓൺലൈൻ മാർക്കറ്റിംഗ് പരമാവധി പ്രയോജനപ്പെടുത്തും. കൃഷി ജോലിക്ക് ആളുകളെ കിട്ടാത്ത പ്രശ്‌നം പരിഹരിക്കുന്നതിന് പ്രാദേശികതലത്തിൽ ലേബർ ബാങ്ക് രൂപീകരിക്കുന്ന കാര്യം ആലോചിക്കും.
പാൽ ഉല്പാദനത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക് അടുക്കുകയാണ്. കഴിയാവുന്നത്ര വീടുകളിൽ പശുവളർത്തൽ വേണം എന്നതാണ് സർക്കാർ ലക്ഷ്യം. എല്ലാ പഞ്ചായത്തുകളിലും പശു ഫാമുകൾ വേണം. ജനങ്ങൾ കൂടുതലായി ഇതിലേക്ക് വരുമ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പിന്തുണയുണ്ടാകണം. പാൽ ഉല്പാദനം വർധിക്കുമ്പോൾ നാം മൂല്യവർധിത ഉല്പന്നങ്ങളിലേക്ക് പോകണം. കേരളത്തിൽ പാൽപ്പൊടി ഫാക്ടറി വേണം. പാൽപ്പൊടി ഫാക്ടറി സ്ഥാപിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിൽ സ്വകാര്യ പങ്കാളിത്തവുമാകാം.
ജോൺ ബ്രിട്ടാസ് അവതാരകനായ പരിപാടിയിൽ കേരള കാർഷിക സർവകലാശാല എക്സ്റ്റൻഷൻ ഡയറക്ടർ ഡോ. ജിജു പി. അലക്‌സ്, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. രാജീവ്, അസോസിയേഷൻ ഓഫ് പ്ലാൻറേഴ്‌സ് കേരള ജനറൽ സെക്രട്ടറി ബി. അജിത്, സിനിമാനടനും കർഷകനുമായ കൃഷ്ണപ്രസാദ്, ഉൽപ്പന്നങ്ങളുടെ വിപണനത്തിന് കർഷകരെ സഹായിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയുടെ പ്രതിനിധി ദിവ്യ തോമസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം സംവാദത്തിൽ പങ്കെടുത്തു.
പി.എൻ.എക്സ്. 2228/2020

date