Skip to main content
ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി എ.കെ ബാലന്‍ പത്രസമ്മേളനം നടത്തുന്നു.

കോവിഡ് പ്രതിരോധം: ജില്ലയില്‍ ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രവര്‍ത്തനം ഊര്‍ജിതം- മന്ത്രി എ കെ ബാലന്‍ സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് കൂടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി 

 

കോവിഡ് 19 പ്രതിരോധം കണക്കിലെടുത്ത് ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസും ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്തുന്നതെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. സമൂഹ വ്യാപന സാധ്യത കൂടി കണക്കിലെടുത്തുള്ള സജ്ജീകരണങ്ങളും ജില്ലയില്‍ ഒരുക്കിട്ടുണ്ട്. ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ ഭാഗമായി കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലെ നാല് നിലകള്‍ അടങ്ങിയ കെട്ടിടത്തില്‍ 400 ബെഡ് ഉള്‍പ്പെടെയുള്ള പശ്ചാത്തല സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ 1000 ബെഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സാധ്യമാണെന്നും മന്ത്രി അറിയിച്ചു.

ജില്ലയിലേക്ക് പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും തുടര്‍ച്ചയായി എത്തുന്നതിനാല്‍ കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ട്. അതിനായി മാങ്ങോട് കേരള മെഡിക്കല്‍ കോളേജ്, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്, കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്ക് തുടങ്ങിയവ കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി ഉപയോഗിക്കും.

നിലവില്‍ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ഒ.പി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചതായും രോഗലക്ഷണം ഉള്ളവര്‍, റെഡ് സോണ്‍, കണ്ടെയ്ന്‍മെന്റ് സോണ്‍ എന്നിവിടങ്ങളില്‍നിന്ന് എത്തിയവരെ പരിശോധിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിയ തൊണ്ണൂറോളം പേരുടെ സ്രവം പരിശോധനയ്‌ക്കെടുത്തു. കൂടുതല്‍ പോസിറ്റീവ് കേസ് ഉണ്ടായാല്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സംവി
ധാനങ്ങള്‍ സജ്ജമാക്കുന്നത് വരെ ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കല്‍ കോളജിലും ചികിത്സ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, എ.ഡി.എം ആര്‍.പി സുരേഷ് എന്നിവര്‍ സംബന്ധിച്ചു.

ജില്ലയില്‍ 950 പേരില്‍ ആന്റി ബോഡി പരിശോധന നടത്തി

ജില്ലയില്‍ സമൂഹ വ്യാപനം പരിശോധിക്കാന്‍ അഞ്ച് വിഭാഗങ്ങളിലായി 950 പേരില്‍ ആന്റിബോഡി പരിശോധന നടത്തിയതായി മന്ത്രി അറിയിച്ചു. പോസ്റ്റുമോര്‍ട്ടം, മറ്റ് അടിയന്തര സാഹചര്യങ്ങളില്‍ പരിശോധന നടത്താന്‍ ജില്ലാ ആശുപത്രിയിലെ ടി.ബി സെന്ററില്‍ ട്രൂനാറ്റ് മെഷ്യന്‍ ടെസ്റ്റ് നടന്നു വരുന്നുണ്ട്. നിലവില്‍ ജില്ലയില്‍ നിന്നും അയച്ച 489 സാമ്പിളുകളുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. കോവിഡ് പരിശോധന ത്വരിതപ്പെടുത്തുന്നതിന് ഗവ. മെഡിക്കല്‍ കോളേജില്‍ ലാബ് സജ്ജമാക്കിയതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതിക്കായി അപേക്ഷിച്ചിട്ടുള്ളതായും മന്ത്രി പ്ത്രസമ്മേളനത്തില്‍ അറിയിച്ചു.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന കൂടുതല്‍ നിയമനത്തിന് സര്‍ക്കാര്‍ ഉത്തരവായി

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന ആരോഗ്യ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളതായി മന്ത്രി അറിയിച്ചു. 25 ഡോക്ടര്‍, 30 നഴ്‌സ,് 120 വീതം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ എന്നിവരെ നിയോഗിക്കാനാണ് അനുമതി ലഭിച്ചത്. ഇതില്‍ ക്രമേണ ഏഴ് ഡോക്ടര്‍മാര്‍, 19 നഴ്‌സുമാര്‍, 44 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 7 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ ചുമതല ഏറ്റെടുത്തിട്ടുണ്ട്. ബാക്കിയുള്ളവരെ യുദ്ധകാലാടിസ്ഥാനത്തില്‍ നിയമിക്കും.

ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായ സാഹചര്യത്തില്‍ മൈക്രോ ബയോളജിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി എന്നിവയ്ക്കായി ജീവനക്കാരെ നിയമിക്കാനുള്ള നടപടി എടുത്തതായി മന്ത്രി അറിയിച്ചു. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജഗദീഷ് ചുമതല ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്നും ഒരു ദിവസം ഒരു രോഗിയുടെ ആവശ്യത്തിനായി 150 രൂപ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

ജില്ലയില്‍ കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ സജ്ജം

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ കണക്കിലെടുത്ത് സമഗ്രമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി 15332 എന്‍ 95 മാസ്‌കുകള്‍, 17,492 പി.പി.ഇ കിറ്റുകള്‍, 88720 ത്രീ ലെയര്‍ മാസ്‌കുകള്‍ എന്നിവ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ലഭ്യമാണ്. കൂടാതെ ആവശ്യത്തിന് മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.

മൃതദേഹങ്ങള്‍ കോവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കണം

ഇതര സംസ്ഥാനങ്ങളില്‍ നിന്നും മരണപ്പെട്ട് ജില്ലയില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ കോവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കണമെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. അസ്വാഭാവിക മരണത്തിന് പോസ്റ്റുമോര്‍ട്ടം നടത്തിയാണ് മൃതദേഹങ്ങള്‍ എത്തിക്കുക. എന്നാല്‍, സ്വാഭാവിക മരണത്തിന് അത് സാധ്യമല്ല. അതിനാല്‍ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളോടെ ഇങ്ങനെയുള്ള മൃതദേഹങ്ങള്‍ പൂര്‍ണമായും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിക്കേണ്ടതാണെന്ന് മന്ത്രി അറിയിച്ചു.

പ്രവാസികളുടെ കോവിഡ് ടെസ്റ്റ് രോഗവ്യാപനം കുറയ്ക്കുന്നതിന്

സംസ്ഥാനത്ത് രോഗവ്യാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവിഡ് ടെസ്റ്റ് നടത്തി പ്രവാസികളെ കൊണ്ടുവരണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. പ്രവാസികള്‍ നില്‍ക്കുന്ന രാജ്യത്ത് കോവിഡ് ടെസ്റ്റിന് സൗകര്യമില്ലെങ്കില്‍ ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. രോഗവ്യാപനം മുന്നില്‍കണ്ട് തടയുന്നതിനാണ് ഇത്തരം നടപടികള്‍. പോസിറ്റീവായ ഒരു വ്യക്തി നെഗറ്റീവായവരുടെ കൂടെ യാത്ര ചെയ്താല്‍ രോഗവ്യാപനസാധ്യത വളരെ ഏറെയാണ്. ഇത് സമൂഹ വ്യാപനത്തിന് കാരണമാകും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനാണ് പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതെന്ന് മന്ത്രി അറിയിച്ചു. ഇതിനെ വിമര്‍ശിച്ച് സര്‍ക്കാരിനെതിരെ നുണപ്രചരണം നടത്തുന്നവരെ പൊതുജനം തിരിച്ചറിയുമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ ഒന്നാംഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയതിനാലാണ് രോഗവ്യാപനം കുറയ്ക്കാന്‍ കഴിഞ്ഞത്. മൂന്നാം ഘട്ടത്തിലും രോഗം നിയന്ത്രിക്കുന്നതിനാവശ്യമായ ശക്തമായ നടപടികളുടെ ഭാഗമായാണ് പ്രവാസികള്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹോം ക്വാറന്റൈന്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം പേര്‍ ജില്ലയിലേക്ക് എത്തുന്നതിനാല്‍ ഹോം ക്വാറന്റൈന്‍ സംവിധാനം ശക്തമാക്കും. പോലീസിന്റെ ഫലപ്രദവും ശാസ്ത്രീയവുമായ ഇടപെടലിലൂടെ  ഹോം ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തും. നിരീക്ഷണത്തില്‍ ഇരിക്കുന്നവരുടെ വീട്ടുകാരും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ഇത് ലംഘിച്ചാല്‍ ദുരന്തനിവാരണ ആക്ട് പ്രകാരം ശക്തമായ നടപടി സ്വീകരിക്കും. ലോക്ക് ഡൗണ്‍ ഇളവ് നല്‍കിയതിനാല്‍ രോഗത്തെ ലാഘവത്തോടെ കാണുന്നവരുണ്ട്. ഏറെക്കാലം ലോക് ഡൗണ്‍ പ്രായോഗികമല്ല. രോഗത്തെ പ്രതിരോധിച്ച് മുന്‍കരുതലുകള്‍ എടുത്തു മുന്നോട്ടു പോവുകയാണ് ഏക മാര്‍ഗമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

പൊലീസ് പരിശോധന കര്‍ശനമാക്കുന്നതിന് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി 72 ഓളം സ്‌ക്വാഡുകള്‍ ജില്ലയില്‍ പരിശോധന നടത്തും. കൂടാതെ പോലീസ് വാഹനം ഉപയോഗിച്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി മന്ത്രി അറിയിച്ചു.

ജില്ലയില്‍ 233 കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി

ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത ജില്ലയിലെ 12290 കുട്ടികള്‍ക്കായി 233 കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 5297 വിദ്യാര്‍ഥികളും പട്ടികവര്‍ഗ വിഭാഗക്കാരായ 1370 പേരും ഉള്‍പ്പെടെയാണ് 12290 കുട്ടികള്‍. ഇതോടെ ജില്ലയില്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ 332000 വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനം നടത്തുന്നുണ്ട്. ഇനിയും പഠന സൗകര്യം ഇല്ലാത്തവരെ കണ്ടെത്തിയാല്‍ ആവശ്യമായ സഹായം നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളില്‍ പരമാവധി 15 പേര്‍

ആരാധനാലയങ്ങളില്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനായി 100 സ്‌ക്വയര്‍ ഫീറ്റില്‍ പരമാവധി 15 പേരെ മാത്രമാണ് പ്രവേശിപ്പിക്കുക. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആരാധനാ കര്‍മ്മങ്ങളും ചടങ്ങുകളും നടത്തുന്നത്. രണ്ടുമീറ്റര്‍ സാമൂഹിക അകലവും നിര്‍ബന്ധമായും പാലിക്കണം. രോഗബാധയുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍, വിവിധ മതാധ്യക്ഷന്മാര്‍ അനുകൂല സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

മഴക്കാലപൂര്‍വ്വ ശുചീകരണം: വാര്‍ഡുതല സാനിറ്റേഷന്‍ കമ്മിറ്റികള്‍ സജീവമായി

കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുന്‍പായി പരിസരശുചീകരണം നടത്തുന്നതിനും ഡ്രൈഡേ ആചരിക്കുന്നതിനും വാര്‍ഡ് തല കമ്മിറ്റികള്‍ സജീവമായി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡിനും 25000 രൂപയാണ് അനുവദിക്കുന്നത്. മഴക്കാല രോഗങ്ങളെ കുറയ്ക്കുന്നതിന് ശുചീകരണം ഏറെ പ്രധാനമാണ്. മുന്‍ വര്‍ഷത്തില്‍ 600 ഓളം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ ജില്ലയില്‍ ഇത്തവണ 230 എണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് സാംക്രമികരോഗങ്ങളും താരതമ്യേന കുറഞ്ഞിട്ടുണ്ട്.  

ആദിവാസി മേഖലകളില്‍ ഫലപ്രദ സമീപനം സ്വീകരിച്ചു

ആദിവാസി മേഖലകളില്‍ കോവിഡിനെതിരെ ഫലപ്രദ സമീപനവും ഇടപെടലും സ്വീകരിച്ചതിനാല്‍ ഈ മേഖലയില്‍ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് അട്ടപ്പാടിയിലെ ശിശുമരണ നിരക്കും ഏറെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. പൊതുഗതാഗതം നിലവില്‍ വന്നതിനാല്‍ അട്ടപ്പാടി മേഖലയിലെ ഊരുകളിലേക്ക് പുറത്ത് നിന്നുമെത്തുന്നവരുടെ പ്രവേശനം തടയാന്‍ പൊലീസ് നടപടി സ്വീകരിക്കുന്നതായും മന്ത്രി അറിയിച്ചു.
 

 

date