Skip to main content

എറിയാട് കടൽക്ഷോഭം രൂക്ഷം; കളക്ടർ സ്ഥലം സന്ദർശിച്ചു

എറിയാട് പഞ്ചായത്തിലെ തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷം. എറിയാട് പേബസാർ, ലൈറ്റ്ഹൗസ്, ചേരമാൻ എന്നീ കടപ്പുറങ്ങളിലാണ് വേലിയേറ്റം രൂക്ഷമായിരിക്കുന്നത്. പ്രദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറി. പത്ത് വീടുകൾ താമസയോഗ്യമല്ലാതായി. നൂറ് കണക്കിന് വീടുകൾ സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. ജിയോബാഗുകൾ സ്ഥാപിക്കാത്ത പ്രദേശത്ത് കൂടിയാണ് കടൽവെള്ളം കരയിലേക്ക് കയറുന്നത്. തീരദേശ റോഡുകൾ പലതും ഭാഗികമായി തകർന്നു. എറിയാട് ചന്ത കടപ്പുറത്ത് ജിയോബാഗുകളും മണൽച്ചാക്കുകളും കൊണ്ട് നിർമ്മിച്ച തടയണ കടന്നാണ് കടലെത്തിയത്. സുരക്ഷാ ഭീഷണി നേരിടുന്നവർക്കായി എറിയാട് എ എം ഐ യു പി സ്‌കൂളിൽ ക്യാമ്പ് ആരംഭിക്കാൻ എല്ലാ വിധ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പലരും ഭീതി മൂലം ക്യാമ്പുകളിലേക്ക് മാറാത്ത സ്ഥിതിവിശേഷമാണുള്ളത്. മിക്കവരും ബന്ധുവീടുകളിലേയ്ക്ക് താമസം മാറിയിട്ടുണ്ട്. എറിയാട് ചന്ത, ആറാട്ടുവഴി, മണപ്പാട്ടുച്ചാൽ, അറപ്പ, എടവിലങ്ങ് പഞ്ചായത്തിലെ കാര വാക്കടപ്പുറം, പുതിയ റോഡ് ബീച്ച്, മതിലകം പഞ്ചായത്ത് പൊക്ലായി, ശ്രീനാരായണപുരം പഞ്ചായത്തിലെ പടിഞ്ഞാറെ വെമ്പല്ലൂർ എന്നീ പ്രദേശങ്ങളിൽ ഇപ്പോഴും കടൽക്ഷോഭം രൂക്ഷമാണ്. ഈ പ്രദേശങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
കടൽക്ഷോഭം രൂക്ഷമായ അഴീക്കോട് ലൈറ്റ് ഹൗസ് കടപ്പുറം ജില്ല കളക്ടർ എസ് ഷാനവാസ് സന്ദർശിച്ചു. ജിയോ ബാഗ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കേണ്ട പ്രദേശങ്ങളിൽ എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കാൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. പുനർഗേഹം പദ്ധതിയുടെ ഭാഗമാക്കാനുള്ളവരുടെ ലിസ്റ്റ് എത്രയും പെട്ടെന്ന് പൂർത്തിയാക്കാനും പഞ്ചായത്ത് അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടർക്കൊപ്പം എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, വൈസ് പ്രസിഡന്റ് എം കെ സിദ്ദിഖ്, തഹസിൽദാർ കെ രേവ, വില്ലേജ് ഓഫീസർ ഷക്കീർ എന്നിവർ സ്ഥലം സന്ദർശിച്ചു.

date