Skip to main content

പി ആർ എസ് വായ്പ: ബാങ്ക് മാറാൻ സൗകര്യമൊരുക്കി സപ്ലൈകോ

പി ആർ എസ് വായ്പ പദ്ധതി പ്രകാരം നെല്ല് സംഭരണം കഴിഞ്ഞ കർഷകർക്ക് ബാങ്ക് മാറാൻ സൗകര്യമൊരുക്കി സപ്ലൈകോ. ജില്ലാ സഹകരണ ബാങ്കിൽ നിന്ന് വായ്പ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കർഷകർക്കാണ് ഈ സൗകര്യം. ജില്ലാ സഹകരണ ബാങ്കിന്റെ വായ്പാ പരിധി കഴിഞ്ഞത് മൂലമാണ് ബാങ്കിൽ നിന്ന് പി ആർ എസ് പ്രകാരം വായ്പ ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ടത്. ഈ സാഹചര്യത്തിലാണ് സപ്ലൈകോ കർഷകർക്ക് ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. അതേ സമയം, ജില്ലാ ബാങ്കിൽ തന്നെ തുടരുന്ന കർഷകരുടെ വായ്പകൾ വലിയ കാലതാമസം കൂടാതെ ലഭ്യമാക്കാനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്.
സപ്ലൈകോ ജില്ലാ ബാങ്കുമായി വെച്ച കരാർ പ്രകാരം 100 കോടി രൂപയാണ് പരമാവധി വായ്പാ തുക. അതേ സമയം തൃശൂർ ജില്ലയിലെ കൂടിയ ഉൽപാദനവും, നെല്ലിന്റെ ഇന്നത്തെ സംഭരണ വിലയും വെച്ച് 135 കോടിയുടെ വായ്പ, ജില്ലാ ബാങ്കിൽ അക്കൗണ്ടുള്ള കർഷകർക്ക് മാത്രം ആവശ്യമാണ്. 100 കോടിയുടെ വായ്പ പരിധി കഴിഞ്ഞാൽ, കൊടുത്തു കഴിഞ്ഞ വായ്പ കുറച്ചെങ്കിലും തിരിച്ചു കിട്ടിയാൽ മാത്രമേ പുതിയ വായ്പ നൽകാൻ ജില്ലാ ബാങ്കിന് സാധിക്കൂ. എങ്കിലും ഈ തിരിച്ചടവ് മെയ് മാസം വരെ നടന്നു പോന്നിരുന്നതിനാൽ 100 കോടി രൂപ എന്ന പരിധി ഒരു തടസ്സമായിരുന്നില്ല. എന്നാൽ അതിന് ശേഷം ലോക് ഡൗൺ സപ്ലൈകോയുടെ വരുമാനത്തെ കൂടി ബാധിച്ചതോടെ തിരിച്ചടവ് താത്കാലികമായി തടസ്സപ്പെട്ടു.
ഇതോടെ ജില്ലാ ബാങ്കിൽ അക്കൗണ്ടുള്ള ഏകദേശം 2500 ഓളം കർഷകർക്ക് പുതിയ വായ്പ നൽകാൻ കഴിയാതെ വന്നു. ഈ താത്കാലിക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വളരെ അത്യാവശ്യം വേണ്ടവർക്ക്, സപ്ലൈകോയുമായി കരാറുള്ളതും വായ്പാ പരിധി കഴിഞ്ഞിട്ടില്ലാത്തതുമായ മറ്റ് ഒൻപത് ബാങ്കുകളിലായി പി ആർ എസ് വായ്പയ്ക്കുള്ള സൗകര്യം ഒരുക്കുന്നത്.
ജില്ല സഹകരണ ബാങ്ക്-108. 02 കോടി, ഫെഡറൽ ബാങ്ക്-8.28 കോടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ-35.97 കോടി, ഗ്രാമീൺ ബാങ്ക്-12.48 കോടി, സൗത്ത് ഇന്ത്യൻ ബാങ്ക്-9.46 കോടി, പഞ്ചാബ് നാഷണൽ ബാങ്ക്-2.25 കോടി, ഇന്ത്യൻ ഓവർസീസ് ബാങ്ക്-1.63 കോടി, കനറാ ബാങ്ക്- 16.21 കോടി, വിജയ ബാങ്ക് -0.34 കോടി, ബാങ്ക് ഓഫ് ഇന്ത്യ-51.76 കോടി എന്നീ ബാങ്കുകളിൽ നിന്നുമാണ് പിആർ എസ് ലോൺ പദ്ധതി വഴി ഇപ്പോൾ കർഷകർക്ക് പണം ലഭ്യമാക്കിയിരിക്കുന്നത്. ഇത് കൂടാതെ 2.43 കോടി രൂപ ഡയറക്റ്റ് ഫണ്ട് വഴിയും ലഭിച്ചിട്ടുണ്ട്. ബാങ്ക് മാറേണ്ട കർഷകർ പുതിയ ബാങ്കിലെ പാസ്ബുക്ക്, പി ആർ എസ് രസീത് എന്നിവയുടെ പകർപ്പ് സഹിതം, ബാങ്ക് മാറാനുള്ള അപേക്ഷയോടൊപ്പം പാഡി ഓഫീസിൽ നൽകണം. നിലവിൽ 272.5 കോടി മൂല്യം വരുന്ന 101111 ടൺ നെല്ല് സപ്ലൈകോ സംഭരിച്ചിട്ടുണ്ട്. ഇതിൽ 249 കോടി രൂപ വിവിധ ബാങ്കുകളിൽ നിന്നായി കർഷകർക്ക് ലഭ്യമാക്കിയിട്ടുമുണ്ട്.

date