Skip to main content

വൈറ്റ് ബോര്‍ഡ്: ഭിന്നശേഷി കുട്ടികള്‍ക്കുള്ള പഠന വീഡിയോകള്‍ തിങ്കളാഴ്ച മുതല്‍

 

 

 

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിക്‌റ്റേഴ്‌സ് ചാനല്‍ വഴി പ്രക്ഷേപണം ചെയ്യുന്ന ക്ലാസുകള്‍ അതേ അളവില്‍ പിന്തുടരാനാവാത്ത ഭിന്നശേഷി കുട്ടികള്‍ക്കായി തയാറാക്കുന്ന പ്രത്യേക വീഡിയോകള്‍ തിങ്കളാഴ്ച മുതല്‍. 'വൈറ്റ് ബോര്‍ഡ്' എന്ന് പേരിട്ട സവിശേഷ പദ്ധതിയുടെ ഭാഗമായാണ് 168 പഠന വീഡിയോകള്‍ സമഗ്ര ശിക്ഷയുടെ നേതൃത്വത്തില്‍ അനുരൂപീകരിച്ച് തയാറാക്കുന്നത്. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലെ ഓരോ വിഷയത്തിനും പഠനസാമഗ്രികളുണ്ടാവും.

കാഴ്ച, കേള്‍വി, ബുദ്ധി പരിമിതികളുള്ളവര്‍, പഠനവൈകല്യമുള്ളവര്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സിയുള്ള കുട്ടികള്‍ എന്നിങ്ങനെ ആറ് വിഭാഗങ്ങള്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ വീഡിയോ തയ്യാറാക്കുന്നത്. സംസ്ഥാനത്തെ 168 ബി.ആര്‍.സികളില്‍ നിന്നും തയാറാക്കിയ വീഡിയോകള്‍ എസ്.സി.ഇ.ആര്‍.ടി പരിശോധിച്ച ശേഷം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള എഡിറ്റിംഗ് പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട് സയഗ്ര ശിക്ഷാ ഓഫീസില്‍ നടക്കുന്നത്. പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന 125000 ഭിന്നശേഷി കുട്ടികളെ ഉള്‍പ്പെടുത്തി 2500 റിസോഴ്‌സ് അധ്യാപകരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ള വാട്‌സ് ആപ് ഗ്രൂപ്പുകള്‍ വഴിയാണ് ഇവ കുട്ടികള്‍ക്ക് ലഭ്യമാക്കുക. ഇതിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായും തിങ്കളാഴ്ച മുതല്‍ (22.06.2020) വീഡിയോകള്‍ കുട്ടികള്‍ക്ക് ലഭ്യമാവുമെന്നും സമഗ്ര ശിക്ഷാ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ എസ്.വൈ.ഷൂജ അറിയിച്ചു

date