Skip to main content

താമരശ്ശേരി ചുങ്കം ലിങ്ക് റോഡ്; പ്രാദേശിക ജനകീയ കമ്മിറ്റികൾക്ക് രൂപം നൽകി

 

 

 

താമരശ്ശേരിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബദൽ പാതകളിൽ ഏറെ പ്രാധാന്യമുള്ള ചുങ്കം ലിങ്ക് റോഡിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ യോഗം താമരശ്ശേരി പഞ്ചായത്ത് ഓഫീസിൽ ചേർന്നു. കാരാട്ട് റസാഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

കമ്മിറ്റി ചെയർമാനായ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹാജറ കൊല്ലരുകണ്ടി അദ്ധ്യക്ഷത വഹിച്ചു.
2016- 17 കാലയളവിലെ ബജറ്റിൽ കിഫ് ബി പദ്ധതിയിൽ ഉൾപെടുത്തി 20 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പദ്ധതി നീണ്ടുപോവുകയായിരുന്നു. നിലവിൽ പദ്ധതിയുടെ വിശദ റിപ്പോർട്ട് തയ്യാറാക്കുന്നതിന് കേരള റോഡ്സ് & ബ്രിഡ്ജസ് ഡെവലപ്പ്മെൻറ് കോർപറേഷനെ ചുമതലപ്പെടുത്തിയതുമാണ്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കൺസൾട്ടൻസിയെ ജൂലൈ ആദ്യ വാരത്തിൽ നിശ്ചയിക്കുന്നതാണ്. ഇതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി. പ്രസ്തുത റോഡിൻ്റെ അലൈമെൻ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ എകോപിപ്പിക്കുന്നതിനു വേണ്ടി റോഡ് കടന്നു പോകുന്ന പ്രദേശങ്ങളിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റികൾക്ക് രൂപം നൽകി. ഈ കമ്മിറ്റികളുടെ നേത്യത്വത്തിൽ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ മേൽ കമ്മിറ്റിക്ക് സമർപ്പിക്കുവാൻ തീരുമാനിച്ചു. എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ തയ്യാറാക്കുന്നതിലും, ആവശ്യമായ സ്ഥലങ്ങൾ വിട്ടുകിട്ടുന്നതിനും പ്രാദേശിക കമ്മിറ്റികൾ ജാഗ്രത കാണിക്കണമെന്ന് എംഎൽഎ അറിയിച്ചു.   നവാസ് ഈർപ്പോണ, പി.എം ജയേഷ്, എ അരവിന്ദൻ, എ.പി. സജിത്ത്, ടി.ആർ.ഓമനക്കുട്ടൻ, പി.ടി.മുഹമ്മദ് ബാപ്പു, അമീർ മുഹമ്മദ് ഷാജി, കെ.പി.ശിവദാസൻ, പി.സി.മോയിൻകുട്ടി, കരീം പുതുപ്പാടി, സി.വി.മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു. കൺവീനർ സി.ടി. ടോം സ്വാഗതം പറഞ്ഞു.

date