Skip to main content

പുനര്‍ഗേഹം പദ്ധതി വേഗത്തിലാക്കാന്‍ നടപടി

ആലപ്പുഴ: തീരപ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിക്കുക എന്ന ലഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതി പ്രകാരമുള്ള സ്ഥലമേറ്റെടുക്കലല്‍, പുനരധിവാസം, മറ്റ് നടപടി ക്രമങ്ങള്‍ എന്നിവ വേഗത്തിലാക്കണമെന്ന് ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍. പദ്ധതിയുമായി ബദ്ധപ്പെട്ട് നടന്ന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.

വേലിയേറ്റ മേഖലയില്‍ നിന്നും 50മീറ്റര്‍ ചുറ്റളവിലുള്ളവരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത്. മാറി താമസിക്കാന്‍ സന്നദ്ധരാവുന്ന കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം രൂപയും വീട് നിര്‍മിക്കുന്നതിന് നാല് ലക്ഷം രൂപയും ഉള്‍പ്പടെ പത്ത് ലക്ഷം രൂപയാണ് ഫിഷറീസ് വകുപ്പ് നല്‍കുന്നത്. കാട്ടൂര്‍ മത്സ്യഗ്രാമത്തില്‍ എട്ട് വീടുകളുടെയും അമ്പലപ്പുഴ മത്സ്യഗ്രാമത്തില്‍ മൂന്ന് വീടുകളുടെയും പുറക്കാട് മത്സ്യ ഗ്രാമത്തില്‍ ഒരു വീടിന്റെയും നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. മറ്റ് ഗ്രാമങ്ങളില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

കാട്ടൂര്‍ മത്സ്യഗ്രാമത്തില്‍ മാറി താമസിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച 59 കുടുംബങ്ങളില്‍ എട്ട് കുടുംബങ്ങളുടെ ഭവന നിര്‍മ്മാണം ആരംഭിച്ചു. ശേഷിക്കുന്ന നടപടികള്‍ പുരോഗമിച്ചു വരുന്നു. പുന്നപ്ര തെക്ക് മേഖലയില്‍ സന്നദ്ധത പ്രകടിപ്പിച്ച ‍ 105 കുടുംബങ്ങളില്‍ 14 സ്ഥലങ്ങള്‍ക്ക് ഡി.എല്‍.എം.സി അംഗീകാരം ലഭിക്കുകയും ചെയ്തു. മൂന്ന് സ്ഥലങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ആറാട്ടുപുഴ മേഖലയില്‍ 138 പേര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എട്ട് സ്ഥലങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. അമ്പലപ്പുഴ മേഖലയില്‍ 331 കുടുംബങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവിടെ മൂന്ന് വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. തൃക്കുന്നപ്പുഴയില്‍ 261 പേര്‍ സമ്മതം അറിയിക്കുകയും ഏഴ് സ്ഥലങ്ങള്‍ക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു. പുറക്കാട് മേഖലയില്‍ 343 കുടുംബങ്ങള്‍ സമ്മതം അറിയിച്ചിട്ടുണ്ട്. 15 കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ചെത്തി, ചെന്നവരി, പൊള്ളേത്തൈ മത്സ്യ ഗ്രാമങ്ങളിലായി 14 കുടുംബങ്ങള്‍ മാറിത്താമസിക്കാന്‍ തയ്യാറായിട്ടുണ്ട്. ആലപ്പുഴ മേഖലയില്‍ 400 കുടുംബങ്ങള്‍ മാറിത്താമസിക്കാന്‍ തയ്യാറാണ്.

സ്ഥലം കണ്ടെത്തല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി സന്നദ്ധരായവരെ ഉടന്‍ മാറ്റി താമസിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സ്വന്തമായി കൂടുതല്‍ സ്ഥലമുള്ളവര്‍ മാറി താമസിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ സ്വന്തമായുള്ള സ്ഥലം കൃഷിക്കായി ഉപയോഗിക്കാമെന്ന പദ്ധതി പ്രകാരമുള്ള വ്യവസ്ഥ ബോധ്യപ്പെടുത്തണമെന്നും പദ്ധതിയെ ജനങ്ങളിലേക്ക് എത്തിച്ചു കൂടുതല്‍ ഗുണഭോക്താക്കളെ കണ്ടെത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ല ഫിഷറീസ് ഡയറക്ടര്‍ കെ, സുഹൈര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ രമേശ് ശശീധരന്‍, വിവിധ മത്സ്യ ഭവന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date