Skip to main content

ഇനി പഠിക്കാം തിരുനെല്ലിയില്‍ സാമൂഹ്യ പഠനമുറികള്‍ ഒരുങ്ങി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെല്ലാം അടഞ്ഞപ്പോള്‍ കോളനിയില്‍ ഒറ്റപ്പെട്ടു പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി  തിരുനെല്ലിയില്‍ സാമൂഹ്യ പഠനമുറികള്‍ ഒരുങ്ങി. ബേഗൂര്‍, പനവല്ലി, പ്ലാമൂല, നാഗമനം, ഓലഞ്ചേരി, കക്കേരി കോളനികളിലായി  ഒമ്പത് സാമൂഹ്യ പഠനമുറികളുടെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റേയും തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റേയും കൈവശമുള്ള കോളനിക്കകത്തുള്ള കെട്ടിടങ്ങളിലാണ് ഓണ്‍ലൈന്‍ പഠനമുറി ആരംഭിച്ചത്. 350 പട്ടിക വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ഇവിടെ പഠിക്കാം. കുട്ടികള്‍ക്ക് ലഘുഭക്ഷണം സാമൂഹ്യ പഠന മുറിയില്‍ ഒരുക്കും. കമ്പ്യൂട്ടര്‍,  കമ്പ്യൂട്ടര്‍ ടേബിള്‍, രണ്ട് പേര്‍ക്ക് വീതം ഇരിക്കാവുന്ന കസേരയോടു കൂടിയ  പഠനമേശ, ഇന്റര്‍നെറ്റ് സൗകര്യം, പുസ്തകങ്ങള്‍ തുടങ്ങിയ പഠന സൗകര്യങ്ങള്‍ കേന്ദ്രങ്ങളിലുണ്ടാകും. പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെയോ യുവതികളെയോ ഉപദേശക/ട്യൂട്ടര്‍ ആയി നിയമിക്കുമെന്നും ആവശ്യമായ മേഖലകളില്‍ കൂടുതല്‍ പഠന മൂറികള്‍ തുടങ്ങുമെന്നും എം.എല്‍.എ പറഞ്ഞു. മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ്, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് അംഗം കെ. ഷിജിത്ത്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി. നജ്മുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date